നിങ്ങള്‍ ഒരു അഭിഭാഷക അല്ലേ, ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ദില്ലി: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതിയായ ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. നിങ്ങള്‍ ഒരു അഭിഭാഷക അല്ലേ, ഇത്തരം പോസ്റ്റ് പാടുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. പരാതിക്കാരിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം. എന്താണ് എഴുതിയതെന്ന് ഞങ്ങള്‍ ഇവിടെ വായിക്കണോ എന്നും കോടതി ചോദിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞതാണ് എഴുതിയതെന്ന് ദീപ കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്ന് കോടതി തിരിച്ചടിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെതായിരുന്നു വിമര്‍ശനം. ഹര്‍ജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. ദീപ ജോസഫ് ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസടുത്തതിന് ചോദ്യം ചെയ്തായിരുന്നു ദീപ ജോസഫിന്‍റെ ഹര്‍ജി. കേസില്‍ പരാതിക്കാരി തടസഹര്‍ജി നല്‍കിയിരുന്നു. തന്നെയും കേസിലെ മറ്റു പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീംകോടതിയില്‍ ദീപ നല്‍കിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ദീപ ജോസഫ് സൈബര്‍ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് പരാതിക്കാരി വിമര്‍ശിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ എഫ് ബി പോസ്റ്റുകളുടെ വിവര്‍ത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.