കാത്തിരിപ്പിനൊടുവില്‍ കുമ്പളപ്പള്ളി- മൂര്‍ഖന്‍ വള്ളി പാലത്തിന് ടെണ്ടര്‍ നടപടികളായി

കരിന്തളം: നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ കുമ്പളപള്ളി-മൂര്‍ഖന്‍വള്ളി പാലത്തിന് ടെണ്ടര്‍ നടപടികളായി. കുമ്പളപ്പള്ളി മൂര്‍ഖന്‍ വള്ളി റോഡില്‍ കുമ്പളപ്പള്ളി ചാലിന് കുറുകെയാണ് പുതിയ പാലത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ടെണ്ടറിലെക്ക് കടന്നത്. വര്‍ഷങ്ങളായി മരപാലത്തിലൂടെ സാഹസികമായാണ് മൂര്‍ഖന്‍ വള്ളി പ്രദേശവാസികള്‍ മറുകരയിലെത്തുന്നത്. മഴക്കാലത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പാലം കടക്കുമ്പോള്‍ നാട്ടുകാര്‍ നെഞ്ചിടിപ്പോടെ നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്. ചിമ്മത്തോട്, വരയില്‍, മൂര്‍ഖന്‍ വളളി പ്രദേശത്ത് ഏകദേശം 50 അധികം കുടുംബാംഗങ്ങളാണ് അധിവസിക്കുന്നത്. മഴക്കാലത്ത് ഇവരുടെയെല്ലാം യാത്ര പൂര്‍ണമായും ദുസഹമാണ്. കിലോമീറ്റര്‍ ചുറ്റി വരയില്‍ റോഡിലൂടെ വേണം യാത്ര ചെയ്യാം അങ്ങനെയാവുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതയും വരുന്നു. തൊട്ടു സമീപമുള്ള റേഷന്‍ കടയില്‍ പോകണമെങ്കില്‍ പോലും വലിയ ദുരിതമാണ് ഇവിടത്തുകാര്‍ അനുഭവിക്കുന്നത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നാണ് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 35 ലക്ഷം ചെലവില്‍ കുമ്പളപ്പള്ളി മൂര്‍ഖന്‍ വള്ളി ചാലിന് കുറുക പാലം പണിയുന്നത്. ഉടന്‍തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍. നിര്‍മ്മാണം പൂര്‍ത്തിയായ കുമ്പളപ്പള്ളി പാലം വന്നതോടെയാണ് മൂര്‍ഖന്‍ വള്ളി റോഡില്‍ യാത്രാദുരിതം ഏറിയത്. പാലം വന്നതിനുശേഷം റോഡിലെ കുത്തനെയുള്ള കയറ്റം വേനല്‍ കാലത്ത് ചാലിലൂടെയുള്ള വാഹന ഗതാഗതത്തിനും തടസമായി. പുതിയ പാലം വരുന്നതോടുകൂടി ഇതിനെല്ലാം ശാശ്വത പരിഹാരമാവുകയാണ്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സിപി എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍, സിപിഎം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റിയംഗം കയനി മോഹനന്‍ തുടങ്ങിയവര്‍ നടത്തിയ നിരന്തര പരിശ്രമത്തെതുടര്‍ന്നാണ് പാലത്തിന് അനുമതി ലഭിച്ചത്.