ബോര്‍ഡ് ചിലവിട്ടത് 3.40 കോടി ; ആഗോള അയ്യപ്പസംഗമത്തെ കുറിച്ചും അന്വേഷണം

തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിവരം. പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്നപ്പോള്‍ നടന്ന അയ്യപ്പസംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനുട്സില്‍ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം.

അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കും.അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ തുക മുഴുവന്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ല. ദേവസ്വം ബോര്‍ഡിന്‍റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്. ഇതിനിടെ, ശബരിമല കൊടിമര പുനനിര്‍മ്മാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലന്‍സ് കത്ത് നല്‍കും. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നിന്നും എസ് ഐ ടി യലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകള്‍ വിട്ടു കിട്ടാനാണ് കത്ത് നല്‍കുക. ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെത്തിയ സുപ്രധാന രേഖകളെല്ലാം നിലവില്‍ എസ് ഐ ടി യുടെ കസ്റ്റഡിയിലാണ്. രേഖകള്‍ പിരശോധിച്ചാണ് ഓരോരുത്തരുടെയും മൊഴികളടക്കം രേഖപ്പെടുത്തേണ്ടത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള എസ് പി മഹേഷ് എസ് ഐ ടിക്ക് കത്ത് നല്‍കും. കഴിഞ്ഞ ദിവസം ശബരിമല കൊടിമര നിര്‍മ്മാണത്തിലെ സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറെ ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ചത് കുറുപ്പാണെന്നായിരുന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. രേഖകളില്‍ സ്വര്‍ണം കൈമാറിയവരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടുപേര്‍ക്കുകൂടി ഇ ഡി നോട്ടീസയച്ചു. മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ജയശ്രീ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയെ സമീപിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവര്‍ദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍.