ചായ്യോത്ത് ടൗണ്‍ ക്ലബ്ബിന്‍റെ അഫിലിയേഷന്‍ കാഞ്ഞങ്ങാട്ടെ ക്ലബ്ബിന് മറിച്ചുനല്‍കിയതായി പോലീസില്‍ പരാതി

കാഞ്ഞങ്ങാട്: 2016 മുതല്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ അംഗമായ ചായ്യോത്ത് ടൗണ്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ അഫിലിയേഷന്‍ ക്ലബിന്‍റെ അനുമതിയില്ലാതെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട്ടെ യുണൈറ്റഡ് എഫ് സി ക്ലബ്ബിന് നല്‍കിയതായി ആരോപണം. ഇതു സംബന്ധിച്ച് ചായ്യോത്ത് ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡണ്ട് ഇബ്രാഹിം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 2023 വരെ ജില്ലാ ലീഗ് ഫുട്ബോള്‍ മത്സരങ്ങളില്‍ ചായ്യോത്തെ ക്ലബ്ബ് പങ്കെടുത്തിരുന്നു. പിന്നീട് 2024ല്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ പുതുക്കാന്‍ ശ്രമിച്ചെങ്കിലും സൈറ്റ് ഓപ്പണ്‍ ആയില്ലെന്നും തുടര്‍ന്ന് കേരള ഫുട്ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നവത്രേ. അതിനുശേഷം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റിനേയും, സെക്രട്ടറിയേയും ബന്ധപ്പെട്ടെങ്കിലും പരിഹാരമായില്ല. കഴിഞ്ഞ തവണ ജില്ലാ ലീഗ് മത്സരങ്ങള്‍ നടക്കുമ്പോഴാണ് ചായ്യോത്ത് ക്ലബ്ബിന്‍റെ പേരില്‍ കാഞ്ഞങ്ങാട്ടെ യുണൈറ്റഡ് എഫ് സി ക്ലബ്ബ് ജില്ലാ ലീഗ് മത്സരങ്ങള്‍ കളിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വീണ്ടും അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും, ക്ലബ്ബ് തിരിച്ച് കിട്ടണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഇബ്രാഹിം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേരള ഫുട്ബോള്‍ അസോസിയേഷന്‍ നിയമാവലി പ്രകാരം ക്ലബ്ബ് കൈമാറ്റം ചെയ്യുമ്പോള്‍ നിലവിലെ ക്ലബ്ബിന്‍റെ അനുമതി പത്രം ആവശ്യമാണ് ഇതൊന്നും ഇല്ലാതെയാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ചായ്യോത്ത് ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബിന്‍റെ അഫിലിയേഷന്‍ മറ്റൊരു ക്ലബ്ബിന് നല്‍കിയത്.

ഇതു മൂലം ക്ലബ്ബിന് വന്‍നഷ്ടമാണ് ഉണ്ടായതെന്നും അതിനാല്‍ ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം തിരിച്ച് കിട്ടണമെന്നുമാണ് ഇബ്രാഹിം പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വീരമണി പറയുന്നു. 2023ന് ശേഷം ഈ ക്ലബ്ബ് ലീഗ് മത്സരങ്ങള്‍ കളിക്കുകയോ അഫിലിയേഷന്‍ പുതുക്കുകയോ ചെയ്തിട്ടില്ല. അഫിലിയേഷന്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പലവട്ടം ക്ലബ്ബ് പ്രസിഡണ്ട് ഇബ്രാഹിമുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യതയും മറ്റു പല പ്രശ്നങ്ങളും പറഞ്ഞ് ഇബ്രാഹിം അഫിലിയേഷന്‍ പുതുക്കാതിരിക്കുകയാണ് ചെയ്തത്. പിന്നീട് ഇബ്രാഹിമിന്‍റെ അനുമതിയോടുകൂടി തന്നെയാണ് കാഞ്ഞങ്ങാട്ടെ യുണൈറ്റഡ് എഫ്സിക്ക് അഫിലിയേഷന്‍ നല്‍കിയതെന്നും വീരമണി പറഞ്ഞു. അതിനുശേഷം ഇപ്പോഴാണ് വീണ്ടും അഫിലിയേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ചായ്യോത്ത് ടൗണ്‍ ക്ലബ് ഫുട്ബോള്‍ അസോസിയേഷനെ സമീപിച്ചത്. ചായ്യോത്ത് ക്ലബ്ബിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അടിയന്തര യോഗം ചേര്‍ന്ന് സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്‍റെ അനുമതിയോടെ ക്ലബ്ബിന് അഫിലിയേഷന്‍ തിരിച്ചു നല്‍കാന്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. അഫിലിയേഷന്‍ തിരിച്ചുനല്‍ക്കുമ്പോള്‍ കാഞ്ഞങ്ങാട് യുണൈറ്റഡ് ക്ലബ്ബ് അഫിലിയേഷന്‍ പുതുക്കാന്‍ ചിലവിട്ട പണം അവര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശം അസോസിയേഷന്‍ മുന്നോട്ട് വെച്ചെങ്കിലും അത് അംഗീകരിക്കാന്‍ ചായ്യോത്ത് ടൗണ്‍ ക്ലബ്ബ് തയ്യാറായില്ല. അതിനുപകരം ജില്ല ഫുട്ബോള്‍ അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്തും വിധം പോ ലീസില്‍ പരാതി നല്‍കുകയാണ് ചെയ്തതെന്നും വീരമണി പറഞ്ഞു.