ദല്ലാള്‍ നന്ദകുമാര്‍ വിഗ്രഹ മോഷ്ടാവ്, കൂടെ സഞ്ചരിച്ചതിന് ജാവഡേക്കര്‍ മറുപടി പറയും

കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറിനൊപ്പം എന്തിന് സഞ്ചരിച്ചുവെന്ന് ബി.ജെ.പി. കേന്ദ്ര നേതാവ് പ്രകാശ് ജാവഡേക്കര്‍ മറുപടി പറയുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അമ്പലത്തിലെ വിഗ്രഹം മോഷ്ടിച്ച ടി.ജി. നന്ദകുമാര്‍ കാട്ടുകള്ളനാണ്. ഇപ്പോഴുയര്‍ന്ന ആരോപണം അനില്‍ ആന്റണിയേയല്ല, എ.കെ. ആന്റണിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ടി.ജി. നന്ദകുമാര്‍ കാട്ടുകള്ളനാണ്. അമ്പലത്തിലെ വിഗ്രഹം മോഷ്ടിച്ചയാള്‍. അങ്ങനെയൊരു ആളുടെ കൂടെ സംസ്ഥാന പ്രഭാരി എന്തിന് സഞ്ചരിച്ചു? പ്രകാശ് ജാവഡേക്കര്‍ ഇവിടെയുണ്ടല്ലോ, കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണം.' -കെ. സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയുടെ പത്തനംതിട്ട സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ സുരേന്ദ്രന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ഇപ്പോഴുയര്‍ന്ന ആരോപണം യഥാര്‍ഥത്തില്‍ എ.കെ. ആന്റണിയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അനില്‍ ആന്റണി ബി.ജെപിയില്‍ ചേര്‍ന്നതോടെ എ.കെ. ആന്റണിയെ സമ്പൂര്‍ണമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ ആരോപണമുന്നയിച്ചയാള്‍ മുമ്പും പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. 13 കൊല്ലം മുമ്പത്തെ കാര്യങ്ങളാണ് പറയുന്നത്. കോണ്‍ഗ്രസിനകത്ത് ചിലര്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി ഇങ്ങനെയുള്ളവരെ ലക്ഷ്യമിടുകയാണ്. കരുണാകരനെ മരണത്തിന് ശേഷവും വിടുന്നില്ല. ആന്റണിയെ വാര്‍ധക്യകാലത്തും വെറുതേ വിടുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍.' -സുരേന്ദ്രന്‍ പറഞ്ഞു. സിബിഐ കോണ്‍സല്‍ നിയമനത്തില്‍ അനില്‍ആന്റണി ലക്ഷങ്ങള്‍ വാങ്ങിയിരുന്നുവെന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം. ഈ ആരോപണം ശരിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ജെ.കുര്യനും വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങള്‍ അനില്‍ ആന്റണിക്ക് കുരുക്കായിരിക്കെയാണ് സുരേന്ദ്രന്റെ പ്രതികരണം.

പാനൂര്‍ സ്‌ഫോടന കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചത്. സി.പി.എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് നടന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍വേണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി വി. മുരളീധരന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ഡി.വൈ. എഫ്.ഐ. പ്രവര്‍ത്തകരാണ് പ്രതികള്‍. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.