കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ കോണ്‍ഗ്രസില്‍ നാളുകളായി നിലനില്‍ക്കുന്ന ചേരിതിരിവും ഗ്രൂപ്പ് വഴക്കും പരിഹരിക്കാന്‍ കഴിയാതെ ഡിസിസി നേതൃത്വം. ഒന്നരമാസം മുമ്പ് മണ്ഡലം പ്രസിഡണ്ട് അടക്കം മിക്ക ഭാരവാഹികളും ഭാരവാഹിത്വം രാജിവെച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് നാഥനില്ല. മണ്ഡലം പ്രസിഡണ്ടിന്‍റെ ചുമതല മണ്ഡലത്തില്‍ വലിയ ബന്ധങ്ങളൊന്നുമില്ലാത്ത ഒരു റിട്ടയേര്‍ഡ് ജീവനക്കാരനാണ് നല്‍കിയത്. ഒ.വി.പ്രദീപനെ പോലെ സമര്‍ത്ഥരായ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ മണ്ഡലത്തിലുള്ളപ്പോഴാണ് റിട്ടയര്‍ ചെയ്തശേഷവും മറ്റ് ജോലികള്‍ക്ക് പോകുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരന് മണ്ഡലത്തിന്‍റെ ചുമതല നല്‍കിയതെന്നാണ് കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നത്. പാരമ്പര്യം അവകാശപ്പെടുന്ന ഒട്ടേറെ പ്രാദേശിക നേതാക്കള്‍ മണ്ഡലത്തിലുണ്ട്. എന്നാല്‍ കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസിന് സ്വന്തമായി ഓഫീസില്ല. ഹോസ്ദുര്‍ഗില്‍ വാടകകെട്ടിടത്തിലാണ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 6000 രൂപയാണ് വാടക. ഹോസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ ജീവനക്കാര്‍ ഔദാര്യപൂര്‍വ്വം നല്‍കുന്ന ലെവിയാണ് പ്രതിമാസ കെട്ടിട വാടക നല്‍കാന്‍ ഉപയോഗപ്പെടുത്തുന്നത്. പഴയ സോഷ്യലിസ്റ്റുകാരനായ മുന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് കെ.വി.നാരായണനാണ് ഇതിന് സംവിധാനമൊരുക്കിയത്. ഹോസ്ദുര്‍ഗ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ രാജിവെച്ച വി.ഗോപിയും മണ്ഡലം കോണ്‍ഗ്രസിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ അതിനുള്ളില്‍ 'ഗോപിബഷീര്‍' ഗ്രൂപ്പ് വേറെയുമുണ്ട്. ഇവയെല്ലാം പരിഹരിച്ചുവേണം യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷികളുമായി കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ സീറ്റ് ചര്‍ച്ച തുടങ്ങാന്‍. ലീഗ് സീറ്റ് ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. പക്ഷേ പ്രശ്നം തീരാത്തതുകൊണ്ട് ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അതേസമയം നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പലരും അണിയറയില്‍ ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. ചിലര്‍ ഡിസിസി പ്രസിഡണ്ടിന്‍റെ പിന്നാലെ കൂടിയിട്ടുണ്ട്. പണം കൊടുത്ത് സീറ്റ് തരപ്പെടുത്താനും ആലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ പോഷകസംഘടന ഭാരവാഹിത്വത്തിന് നേരത്തെ നിശ്ചിത ഫീസ് ചിലര്‍ കൈപ്പറ്റിയതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ബന്ധപ്പെട്ടവര്‍ ഇനിയും നിഷേധിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; കാഞ്ഞങ്ങാട്ടെ കോണ്‍ഗ്രസിന് നാഥനില്ല