ഒടുവില്‍ മടിക്കൈയില്‍ സിപിഐക്ക് കിട്ടി രണ്ട് സീറ്റ്

മടിക്കൈ: സിപിഎം നേതാവ് നാരാണന്‍നായര്‍ കൊലപാതകത്തിന് മുമ്പുവരെ സിപിഐക്ക് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ മുന്നണി ധാരണപ്രകാരം രണ്ട് സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ നാരായണന്‍നായരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അന്നത്തെ സിപിഐ എം.എല്‍.എ എം.നാരായണന്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സത്യഗ്രാഹസമരം നടത്തിയതോടെ മടിക്കൈയില്‍ സിപിഎമ്മും സിപിഐയും രണ്ട് തട്ടിലായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐ എതിരാളികളെയെല്ലാം കൂട്ടി തനിച്ച് മത്സരിച്ചെങ്കിലും തോറ്റു. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐ ഇടതുമുന്നണിയില്‍ സജീവമായെങ്കിലും ഒരു സീറ്റ് മാത്രമേ സിപിഎം നല്‍കിയുള്ളൂ. ഇത്തവണ സിപിഐയ്ക്ക് രണ്ട് സീറ്റ് തന്നെ നല്‍കി. പക്ഷേ ഇടതുപക്ഷത്തിന് ബാലികേറാമലയായ കോട്ടപ്പാറ ഒന്നാംവാര്‍ഡാണ് സിപിഐക്ക് അധികമായി നല്‍കിയത്. ഇവിടെ ബിജെപി 1100ലേറെ വോട്ടിനാണ് ജയിക്കുന്നത്. സിപിഎമ്മിനും യുഡിഎഫിനും ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ട് അമ്പതില്‍ താഴെമാത്രമാണ്. സിപിഐയിലെ യുവ സ്ഥാനാര്‍ത്ഥി കെ.രഞ്ജുഷയാണ് ഇവിടെ മത്സരിക്കുന്നത്.