നീലേശ്വരം: കടിക്കാനെത്തിയ തെരുവുനായ് കൂട്ടത്തില്‍ നിന്നും രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോട്ടപ്പുറം ഉച്ചൂളികുതിര്‍-മന്നംപുറം റോഡില്‍ ഇന്നലെ രാത്രി 7 മണിയോടെയാണ് മന്നംപുറത്തെ ഇനയത്ത്-ഷഹീദ ദമ്പതികളുടെ മകള്‍ ഇഷ(7) തെരുവുനായ കൂട്ടങ്ങളുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. റോഡിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ മൂന്നോളം തെരുവുനായ്ക്കള്‍ കുരച്ചുചാടുകയായിരുന്നു. നായ്ക്കളുടെ കടിയേല്‍ക്കാതെ ഇഷ അതിവേഗത്തില്‍ ഓടി വീട്ടുവളപ്പില്‍ കയറി ഗേറ്റ് അടച്ചതോടെ തെരുവുനായ്ക്കള്‍ തിരിച്ചുപോവുകയായിരുന്നു. പെണ്‍കുട്ടിയെ തെരുവുനായ്ക്കള്‍ ഓടിക്കുന്ന സിസിടിവി ക്യാമറ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോട്ടപ്പുറത്തും പരിസരത്തും തെരുവുനായ ശല്ല്യം വര്‍ദ്ധിച്ചുവന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി കുട്ടികള്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേല്‍ക്കാനിടയായത്. ഒരാഴ്ച മുമ്പ് കോട്ടപ്പുറത്ത് വീട്ടിനകത്ത് കയറി നാലുവയസുകാരനെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കോട്ടപ്പുറം ടറഫിന് സമീപത്തെ ഇര്‍ഷാദ്-ഫാത്തിമ ദമ്പതികളുടെ മകന്‍ സഹറാനെയാണ് തെരുവുനായ അക്രമിച്ചത്. രാവിലെ എട്ടരയോടെ സഹോദരന്‍ വീട്ടിന് പുറത്ത് സൈക്കിള്‍ ഓടിക്കുന്നത് സിറ്റൗട്ടില്‍ നോക്കിയിരിക്കുകയായിരുന്നു സഹറാന്‍. ഈ സമയത്താണ് ഓടിവന്ന തെരുവുനായ വീട്ടിനകത്ത് കയറി കുട്ടിയുടെ മുഖത്തും നെഞ്ചത്തും കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇതിന് പുറമെ നിരവധി പേര്‍ കോട്ടപ്പുറത്തും തൈക്കടപ്പുറത്തും പരിസരങ്ങളിലുമായി തെരുവുനായ്ക്കളുടെ അക്രമണത്തിന് ഇരയായിരുന്നു. തെരുവുനായ്ക്കളുടെ അക്രമണം ഭയന്ന് തീരദേസങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ ഭീതിയിലാണ് രാവിലെയും വൈകീട്ടും കുട്ടികളെ മദ്രസയിലേക്കും സ്കൂളിലേക്കും വിടാന്‍ തന്നെ രക്ഷിതാക്കള്‍ക്ക് ആശങ്കയാണ്. രൂക്ഷമായ തെരുവുനായ ശല്ല്യത്തിന് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരും നാട്ടുകാരും പലവട്ടം ആവശ്യപ്പെട്ടിട്ടും നഗരസഭാ അധികൃതര്‍ ഗൗനിക്കുന്നില്ലത്രെ.
തെരുവുനായ്ക്കളുടെ അക്രമണത്തില്‍ നിന്നും പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു, വൈറലായി സിസിടിവി ദൃശ്യങ്ങള്‍