എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ജയിച്ചാലും തോറ്റാലും അനില്‍ ആന്‍റണി മന്ത്രിയാവും

തിരുവനന്തപുരം: എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്നാല്‍ പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പായി. അതോടൊപ്പം തന്നെ അനിലിന്‍റെ വിവാഹവും നടക്കും. കേരളത്തില്‍ ബി.ജെ.പി. പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. കോണ്‍ഗ്രസില്‍നിന്നു ചുവടുമാറി ബി.ജെ. പിയില്‍ എത്തിയ അനില്‍ ആന്‍റണി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും പ്രകടനപത്രികാ സമിതിയില്‍ അംഗവുമാണ്.

അനില്‍ ആന്‍റണി ജയിച്ചാലും തോറ്റാലും എന്‍.ഡി.എ. മുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന സൂചനയാണ് ബിജെപി നല്‍കുന്നത്. എ.കെ. ആന്‍റണിയുടെ അതേ ലാളിത്യം പുലര്‍ത്തുന്ന വ്യക്തിത്വമാണ് അനിലിനെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇതു പങ്കുവച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി വോട്ട് ചോദിച്ച് കേരളത്തിലെത്തിയതും അനിലിന്‍റെ മണ്ഡലത്തിലാണ്. അനില്‍ ആന്‍റണിയോട് പ്രധാനമന്ത്രി മോദിക്ക് പ്രത്യേക മമതയുമുണ്ട്. ഇതിന് കാരണം എ.കെ.ആന്‍റണിയുടെ മകനാണെന്നതുമാണ്. സംശുദ്ധ രാഷ്ട്രീയത്തിനുടമയായ ആന്‍റണിയുടെ സ്വഭാവമഹിമ അനിലിനും ഉണ്ടാകുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം കരുതുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കേരളത്തിന് നല്‍കുന്ന കേന്ദ്രമന്ത്രിമാരുടെ പട്ടികയില്‍ അനിലിന് പ്രഥമസ്ഥാനം നല്‍കിയത്. ഇതോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞാലുടന്‍ വിവാഹിതനാകാനാണ് അനിലിന്‍റെ നീക്കം.രാജ്യത്തെ ഒരു പ്രമുഖ കുടുംബാംഗമാണ് അനില്‍ ആന്‍റണിയുടെ ഭാവി വധു. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞശേഷമേ വിവാഹവിവരങ്ങള്‍ പരസ്യമാക്കുകയുള്ളൂ. അതേസമയം അനില്‍ ആന്‍റണിയെ കേന്ദ്രമന്ത്രിയാക്കാനുള്ള നീക്കത്തില്‍ ബിജെപി സംസ്ഥാന നേതൃത്വ ത്തില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നുവന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കടുത്ത നീരസത്തിലാണത്രെ.