കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഐ ഗ്രൂപ്പ് നേതൃസ്ഥാനത്ത് കെ.പി.ബാലകൃഷ്ണനും എം.പി.ജാഫര്‍ ലീഗിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങിയെങ്കിലും കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസില്‍ ഉള്‍പ്പോരും പരസ്യമായ പോരും തുടരുന്നു. വി.ഗോപി, തോയമ്മല്‍ ബഷീര്‍, മഞ്ഞകുഞ്ഞികൃഷ്ണന്‍, പത്മരാജന്‍ ഐങ്ങോത്ത്, കെ.കെ.ബാബു ടീം ഐ ഗ്രൂപ്പിന്‍റെ ലേബലില്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്താന്‍ ചരടുവലികള്‍ നടത്തുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ പ്രബലവിഭാഗവും എ ഗ്രൂപ്പും കൈകോര്‍ത്തതോടെ ഗോപിക്കും കൂട്ടര്‍ക്കും നഗരസഭാസീറ്റ് തരപ്പെടുത്തുന്നത് ബാലികേറാമലയായി. മുന്‍ മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍ ഐ ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പില്‍ നിലയുറപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ചന്ദ്രശേഖരന്‍ കഥതിരിയാതെ ഗോപിബഷീര്‍ ഗ്രൂപ്പിലാണെന്നാണ് മണ്ഡലത്തിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നത്. കെ.പി.ബാലകൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, നാരായണ മാരാര്‍, വിനോദ് ആവിക്കര, കെ.ജി.പ്രഭാകരന്‍, സുരേഷ് കൊട്രച്ചാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഗോപിയും കൂട്ടരും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ നീക്കുപോക്കിന് സിപിഎം നേതാക്കളെ രഹസ്യമായി സമീപിച്ച വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച എവിടെയുമെത്തിയിട്ടില്ല. കോണ്‍ഗ്രസിലാകട്ടെ പാരപണി മുറയ്ക്ക് നടക്കുന്നുമുണ്ട്. മുസ്ലീംലീഗിലും പല വാര്‍ഡുകളിലും തര്‍ക്കങ്ങള്‍ തുടരുകയാണ്. പടന്നക്കാട് വാര്‍ഡില്‍ റസാഖ് തായലക്കണ്ടി മത്സരത്തിന് തയ്യാറെടുത്തുവെങ്കിലും സീറ്റ് ആവശ്യപ്പെട്ട് മുസ്ലീംയൂത്ത് ലീഗ് മുന്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് സി.എച്ച്. അബ്ദുള്ളകുഞ്ഞി രംഗത്തുവന്നത് റസാഖിന് ഭീഷണിയായി. നഗരസഭയിലെ ഒന്നാംവാര്‍ഡില്‍ എം.പി.ജാഫറാണ് സ്ഥാനാര്‍ത്ഥി. ലീഗിന്‍റെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയും ജാഫറാണ്. യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ മുതലെടുത്ത് നഗരസഭാഭരണം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.