പുല്ലൂര്‍-പെരിയയില്‍ രണ്ട് സീറ്റുകള്‍ മുസ്ലീംലീഗിന്

അമ്പലത്തറ: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പുല്ലൂര്‍-പെരിയയില്‍ മുസ്ലീംലീഗ് രണ്ട് സീറ്റുകളില്‍ മത്സരിക്കും. ഒന്നാംവാര്‍ഡായ കുണിയ, എട്ടാംവാര്‍ഡായ അമ്പലത്തറ ടൗണ്‍ എന്നീവാര്‍ഡുകളിലാണ് മുസ്ലീംലീഗ് മത്സരിക്കുന്നത്. കഴിഞ്ഞതവണയും രണ്ട് വാര്‍ഡുകളില്‍ മുസ്ലീംലീഗ് മത്സരിച്ചിരുന്നു. ഒരു വാര്‍ഡില്‍ വിജയിച്ചു. ഇത്തവണ ഒന്നാംവാര്‍ഡില്‍ കുണിയയിലെ ബി.എ.ഷാഫിയും എട്ടാംവാര്‍ഡില്‍ ലീഗ് സ്വതന്ത്ര സ്ഥാ നാര്‍ത്ഥി സരിജയുമാണ് മത്സരിക്കുന്നത്. സരിജ അമ്പലത്തറ ടൗണിലെ വ്യാപാരി ബാബുവിന്‍റെ ഭാര്യയാണ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ഭാരവാഹി കൂടിയാണ് സഹകരണ സംഘത്തിലെ പിഗ്മി ഏജന്‍റായ നെല്ലിത്തറ എക്കാലിലെ സരിജ. മുസ്ലീംലീഗിന് യുഡിഎഫ് വിട്ടുകൊടുത്ത വനിതാവാര്‍ഡില്‍ മുസ്ലീംവനിതയെ മത്സരിക്കാന്‍ കിട്ടാത്ത സാഹചര്യത്തിലാണ് മുസ്ലീംലീഗ് നേതൃത്വം കോണ്‍ഗ്രസുകാരിയായ സരിജയെ രംഗത്തിറക്കിയത്. കഴിഞ്ഞതവണയും പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സരിജ മത്സരിച്ചിരുന്നു. അത് ബിജെപിക്കെതിരെയായിരുന്നു മത്സരം. പക്ഷേ പരാജയപ്പെട്ടു. ഇത്തവണ സിപിഎമ്മിനെതിരെയാണ് മത്സരിക്കുന്നത്. ഫലത്തില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 18 ലും കോണ്‍ഗ്രസുകാരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.