കുപ്രസിദ്ധ കുറ്റവാളി നൗഫലിന്‍റെ മരണം: കൊലക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരെ ചോദ്യം ചെയ്തു

കാസര്‍കോട്: ഉപ്പള, റെയില്‍വേ ഗേറ്റിന് സമീപത്ത് ശനിയാഴ്ച രാവിലെ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറി. മംഗലാപുരത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഫലിനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കര്‍ണ്ണാടകയില്‍ മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പതിനെട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നൗഫല്‍. അതുകൊണ്ടുതന്നെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഉപ്പളയിലെ ഒരു വിവാഹവീട്ടിലെത്തിയ നൗഫലും സുഹൃത്തുക്കളും ബഡാജെ പാലത്തിന് സമീപം വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സുഹൃത്തുക്കള്‍ പോയ ശേഷം നൗഫല്‍ ഒറ്റയ്ക്കാകുകയായിരുന്നു. മയക്കുമരുന്നിന്‍റെ ലഹരിയില്‍ വണ്ടി തട്ടി മരിച്ചതാണോ നിരവധി ശത്രുക്കളുള്ള നൗഫലിനെ കൊലപ്പെടുത്തിയതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത്കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള, മംഗല്‍പ്പാടി മണിമുണ്ട സ്വദേശിയായ കൊലക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരെ പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. കഴിഞ്ഞദിവസം രാവിലെ നൗഫലിന്‍റെ സ്കൂട്ടര്‍ മൃതദേഹം കാണപ്പെട്ടതിനും ഒന്നരകിലോമീറ്ററോളം അകലെ പുഴയോരത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും പോലീസ് നായയും പരിശോധന നടത്തി. പോലീസ് നായ സ്കൂട്ടറിന്‍റെയും ഷൂവിന്‍റെയും മണം പിടിച്ച് നൗഫല്‍ മരിച്ചുകിടന്ന ഉപ്പള ഗേറ്റിനടുത്ത റെയില്‍വേ പാളത്തില്‍ വന്ന് നില്‍ക്കുകയായിരുന്നു. ബഡാജെ പാലത്തിന്‍റെ പരിസരം പതിവായി മയക്കുമരുന്ന് സംഘങ്ങള്‍ എത്താറുണ്ടെന്നും ഇവിടെ നിന്നും വില്‍പ്പനയും ഉപയോഗവും നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു. നൗഫലും ഈ സംഘത്തോടൊപ്പം ഇവിടെ എത്താറുണ്ടെന്ന് പരിസരവാസികളും പറയുന്നു.