കരിന്തളം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയായി. കഴിഞ്ഞ തവണ ആകെ 17 വാര്‍ഡ് ഉണ്ടായിരുന്നത് രണ്ടു വാര്‍ഡ് വര്‍ദ്ധിച്ച് 19 ആയിട്ടുണ്ട്. ഇതില്‍ 16 സീറ്റില്‍ സിപിഎമ്മും രണ്ടെണ്ണത്തില്‍ സിപിഐയും കേരള കോണ്‍ഗ്രസ് എം ഒരു വാര്‍ഡിലും മത്സരിക്കും. കിനാനൂര്‍-കരിന്തളത്ത് ഇത്തവണ പ്രസിഡന്‍റ് പട്ടികവര്‍ഗ്ഗം ജനറലാണ്. സിപിഎം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും ബിരിക്കുളം ബാങ്ക് ജീവനക്കാരനുമായ പെരിയങ്ങാനത്തെ എം രാജന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി സംവരണ വാര്‍ഡായ ചായ്യോത്ത് ഒന്നാം വാര്‍ഡില്‍ മത്സരിക്കും. രണ്ട് കൂവാറ്റിയില്‍ പാര്‍ട്ടി ലോക്കല്‍കമ്മറ്റി അംഗവും കിനാനൂര്‍ ബാങ്ക് വൈസ് പ്രസിഡണ്ടും മുമ്പ് മെമ്പറും ആയിരുന്ന എ വി സുരേന്ദ്രനും മൂന്ന് നെല്ലിയടുക്കത്ത് മഹിളാ അസോസിയേഷന്‍ നേതാവ് പി സാവിത്രിയും നാല് പുതുക്കുന്നില്‍ മുമ്പ് മെമ്പര്‍ ആയിരുന്ന പി പ്രകാശനും അഞ്ച് കാറളത്ത് എഡിഎസ് പ്രസിഡന്‍റ് ബേബി സുമതിയും മത്സരിക്കും. 6 ബിരിക്കുളത്ത് എല്‍സി അംഗവും ബിരിക്കുളം ബാങ്ക് ഡയറക്ടറും റിട്ടയേഡ് അധ്യാപകനുമായ കെ വി വിജയകുമാറും ഏഴ് കമ്മാടത്ത് ആയിഷ ഗഫൂറും എട്ട് പരപ്പയില്‍ ബ്ലോക്ക് മെമ്പര്‍ രാധാ വിജയനും ,9 കാരാട്ട് പരപ്പ ലോക്കല്‍കമ്മറ്റി അംഗം പി എം ബാബുവും ജനവിധി തേടും. വലിയ പ്രതീക്ഷയില്ലാത്ത 12 -ാം വാര്‍ഡായ പെരിയങ്ങാനത്ത് പൊതുസ്വതന്ത്രനെ നിര്‍ത്താന്‍ ആലോചിക്കുന്നതിനാല്‍ ഇവിടെ സ്ഥാനാര്‍ ത്ഥിയെ തീരുമാനിച്ചിട്ടില്ല. 14 കാലിച്ചാമരം വി.വി യശോദയും , 15 പുലിയന്നൂരില്‍ മുന്‍ മെമ്പറും മഹിളാ അസോസിയേഷന്‍ നേതാവും പാര്‍ട്ടി ലോക്കല്‍കമ്മറ്റിഅംഗവും കരിന്തളം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വരയില്‍ രാജന്‍റെ ഭാര്യയുമായ കെ.അനിത പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
16 കരിന്തളത്ത് എന്‍.രമണനും 17 കൊല്ലംപാറയില്‍ എന്‍.ടി.ശ്യാമളയും 18 കിണാവൂരില്‍ മധു കിണാവൂരും 19 കണിയാടയില്‍ നിലവിലെ ഒന്നാം വാര്‍ഡ് മെമ്പര്‍ ധന്യയും മത്സരിക്കുമെന്നാണ് ധാരണയായിട്ടുള്ളത്. 11 കോളംകുളം 13 കുമ്പളപ്പള്ളിയിലും സിപിഐ മത്സരിക്കും. കഴിഞ്ഞ തവണ നാലിലും പതിമൂന്നിലും ആണ് സിപിഐ മത്സരിച്ചു ജയിച്ചത്. ഈ രണ്ടു വാര്‍ഡുകളും സിപിഎം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും പകരമായി കോളംകുളവും കണിയാടയും നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഇരു പാര്‍ട്ടികളിലുമുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അത് നടന്നില്ല. ഇന്നലെ ചേര്‍ന്ന കുമ്പളപ്പള്ളി വാര്‍ഡ് ജനറല്‍ ബോഡി യോഗം സിപിഎം പ്രാദേശി ഘടകത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടയിലും വാര്‍ഡ് സിപിഐക്ക് തന്നെ കൊടുക്കുവാന്‍ ധാരണയായി. 10 -ാം വാര്‍ഡായ കൂരാംകുണ്ടില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. ഇതോടെ കിനാനൂര്‍ കരിന്തളത്ത് എല്‍ഡിഎഫിന്‍റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 13 ന് വൈകുന്നേരം മൂന്ന് മണിക്ക് തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷനില്‍ വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം കിനാനൂര്‍-കരിന്തളത്ത് സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ യുവാക്കളെ പൂര്‍ണ്ണമായും തഴഞ്ഞതില്‍ പരക്കെ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. മാത്രവുമല്ല എടുത്തുപറയത്തക്ക നേതൃപാടവമുള്ളവരാരും തന്നെ സ്ഥാനാര്‍ത്ഥിപട്ടികയിലില്ല. ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറിയും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ എം.വി.രതീഷ് , നിലവിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഡിവൈഎഫ്ഐ കരിന്തളം വെസ്റ്റ്മേഖല സെക്രട്ടറിയും നിലവിലെ ഭരണസമിതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്ത കെ.വി.അജിത് കുമാറും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടംപിടിക്കു മെന്നാണ് കരുതിയിരുന്നത്. ഇവര്‍ക്ക് പുറമേ പഞ്ചായത്തില്‍ നിരവധി യുവനിര തന്നെ ഉണ്ടായിട്ടും ഒരാളെപ്പോലും പരിഗണിച്ചില്ല. 2, 4 , 6, 9 , 16 , 18 എന്നീ വാര്‍ഡുകളില്‍ ഇവര്‍ക്ക് മത്സരിച്ചിരുന്നെങ്കില്‍ ഈസിയായി ജയിച്ചു കയറാമായിരുന്നു. ഇതെല്ലാം സിപിഎമ്മിന്‍റെ ഉറച്ച സീറ്റുകളാണ്. എന്നാല്‍ പ്രവര്‍ത്തകരുടെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് സിപിഎം പുറത്തിറക്കിയിരിക്കുന്നത്. പ്രധാന സ്ഥാനങ്ങള്‍ എല്ലാം സംവരണമായതിനാല്‍ ജയിച്ചു കഴിഞ്ഞാല്‍ വെറുമൊരു മെമ്പറായി ഇരിക്കാനുള്ള പ്രയാസമായിരിക്കാം പ്രമുഖര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വലിയാന്‍ കാരണം എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.