വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് സിപിഎം കോട്ടയായ അട്ടേങ്ങാനം സ്കൂളില്‍ വെച്ച് നടത്തി കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്ക് സിപിഎമ്മിന് വിട്ടുകൊടുക്കാന്‍ മുന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പതാലില്‍ നടത്തിയ രഹസ്യ നീക്കങ്ങള്‍ പൊളിഞ്ഞതായി കെ പി സി സി സെക്രട്ടറി എം അസിനാറും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂരും അഭിപ്രായപ്പെട്ടു. കാര്‍ഷിക വികസന ബാങ്ക് ഭരണം ഇടത് കരങ്ങളിലെത്തിക്കാന്‍ സെബാസ്റ്റ്യന്‍ വര്‍ഷങ്ങളായി രഹസ്യമായി കരുക്കള്‍ നീക്കി വരികയായിരുന്നു. സഹകരണ വകുപ്പിലെ ഇടത് ചിന്താഗതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പതാലില്‍ ഇതുവരെ ബാങ്ക് പിടിക്കാന്‍ നീക്കങ്ങള്‍ നടത്തിയത്. അതാണ് ഹൈക്കോടതി വിധിയിലൂടെ കാറ്റില്‍ പറന്നത്. കാര്‍ഷിക വികസന ബാങ്കിന്‍റെ തിരഞ്ഞെടുപ്പ് കല്ലഞ്ചിറ സ്കൂളിലോ ബാങ്കിന്‍റെ ഭീമനടിയിലെ ഹെഡ് ഓഫീസിലോ നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മുന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പതാലില്‍ ഭരണസമിതിയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ സെബാസ്റ്റ്യനെ ബാങ്കിന്‍റെ അഡ്മിനിസ്ട്രേറ്ററാക്കി രണ്ടുകൊല്ലം മുമ്പെ കാസര്‍കോട് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഭരണസമിതി പിരിച്ചുവിട്ടതും സെബാസ്റ്റ്യനെ അഡ്മിനിസ്ട്രേറ്ററാക്കി നിയമിച്ചതും ബാങ്ക് ഭരണസമിതി അംഗീകരിച്ചില്ല. ബാങ്ക് മെമ്പര്‍മാരും ഇതിനെ എതിര്‍ത്തു. സെബാസ്റ്റ്യന് ബാങ്കില്‍ കയറി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞില്ല. പ്രശ്നം ഒടുവില്‍ ഹൈക്കോടതിയിലെത്തി. ഹൈക്കോടതിയാകട്ടെ കാസര്‍കോട് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാറുടെ ഉത്തരവുകളും നടപടികളും നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മുരളീധരന്‍ വൈസ് പ്രസിഡണ്ടായുള്ള ഭരണസമിതിയാണ് യഥാര്‍ത്ഥ ഭരണസമിതിയെന്ന് കോടതി വിധിച്ചത്. ഇത് പതാലിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
കാര്‍ഷിക വികസന ബാങ്ക് ഇടത് മുന്നണിക്ക് വിട്ടുകൊടുക്കാനുള്ള കച്ചവടം പൊളിഞ്ഞു