പൊടിപാറിയ ബസ്റ്റാന്‍റ് മഴ വന്നതോടെ ചെളിക്കുളമായി; ദുരിതംപേറി യാത്രക്കാര്‍

നീലേശ്വരം: നീലേശ്വരം മുനിസിപ്പല്‍ ബസ്റ്റാന്‍റിന്‍റെ പുതിയ കെട്ടിടം നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചതിനെ തുടര്‍ന്ന് സ്ഥാപിച്ച താല്‍ക്കാലിക ബസ്റ്റാന്‍റ് ആദ്യമഴയില്‍ തന്നെ ചെളിക്കുളമായി മാറി.

നീലേശ്വരം രാജാറോഡിലെ പെട്രോള്‍ പമ്പിന് മുമ്പിലെ തേര്‍വയലിലാണ് താല്‍ക്കാലിക ബസ്റ്റാന്‍റ് സ്ഥാപിച്ചത്. യാതൊരുമുന്നൊരുക്കവും ഇല്ലാതെ സ്ഥാപിച്ച താല്‍ക്കാലിക ബസ്റ്റാന്‍റ് മഴവന്നാല്‍ കുളമാകുമെന്ന് ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ഒന്നടങ്കം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ നിലവിലെ വയലില്‍ മണ്ണിട്ട് നികത്തിയാണ് താല്‍ക്കാലിക ബസ്റ്റാന്‍റ് ഒരുക്കിയത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ താല്‍ക്കാലിക ബസ്റ്റാന്‍റില്‍ മുഴുവന്‍ വെള്ളം തളംകെട്ടി കിടക്കുകയും ചെളിനിറയുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ബസില്‍ കയറാന്‍ യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. താല്‍ക്കാലികമായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറില്‍ നിന്നും ബസ് കയറാന്‍ പോകുമ്പോള്‍ ചെളിയില്‍ തെന്നിവീഴുമോ എന്നാണ് ഇവരുടെ ആശങ്ക. ഇതോടൊപ്പം തന്നെ ചെളിയില്‍ ബസുകള്‍ക്കും ഇവിടെ നിന്നും തിരിക്കാനും കഴിയുന്നില്ല. തൊട്ടടുത്തുതന്നെയുള്ള ഓട്ടോറിക്ഷ സ്റ്റാന്‍റിലെ അവസ്ഥയും ഇതുപോലെ തന്നെയാണ്. വേനല്‍ക്കാലത്ത് പൊടിപാറിയും മഴവന്നപ്പോള്‍ ചെളിനിറഞ്ഞും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ് നീലേശ്വരത്തെ താല്‍ക്കാലിക ബസ്റ്റാന്‍റ്.