രാജപുരം: സിപിഎം ഭരണസമിതി അംഗങ്ങളുടെ പിടിപ്പുകേട് മൂലം പൊളിഞ്ഞ മാലക്കല്ല് മലനാട് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരില്‍ ചിലര്‍ മാത്രം സൊസൈറ്റിയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും നഷ്ടപ്പെട്ട നിക്ഷേപങ്ങളുമായി പൊരുത്തപ്പെട്ടു.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സൊസൈറ്റിയിലേക്ക് നിക്ഷേപം സ്വീകരിച്ചത്. കെഎസ്ആര്‍ടിസി ചെക്കിംങ് ഇന്‍സ്പെക്ടറായിരുന്ന കള്ളാറിലെ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി എ.ജെ.തോമസിന്‍റെ 23 ലക്ഷവും കെഎസ്ഇബിയില്‍ നിന്നും റിട്ടയര്‍ ചെയ്ത രാമന്‍റെ 12 ലക്ഷവും അങ്ങനെയാണ് മലനാട് സൊസൈറ്റിയിലെത്തിയത്. ചുള്ളിക്കര, പനത്തടി, ഇരിയ എന്നിവിടങ്ങളില്‍ ബ്രാഞ്ചും പാണത്തൂരില്‍ സൂപ്പര്‍മാര്‍ക്കറ്റും തുടങ്ങിയിരുന്നു. സൊസൈറ്റി പ്രസിഡണ്ടായിരുന്ന എം.വി.ഭാസ്ക്കരന്‍റെ സൗകര്യാര്‍ത്ഥം കാഞ്ഞങ്ങാട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസും തുറന്നു. പര്‍ച്ചേസ് കമ്മീഷന്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന വസ്തുക്കളാണ് പാണത്തൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിറച്ചത്. ജീവനക്കാരുടെ ശമ്പളവും കെട്ടിടത്തിന്‍റെ വാടകയും വൈദ്യുതി ചാര്‍ജും വിറ്റുവരവ് തുകയും തമ്മില്‍ പൊരുത്തപ്പെടാതെ സൂപ്പര്‍മാര്‍ക്കറ്റ് ഓരോ മാസവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഏതാണ്ട് ഇതേപോലെയായിരുന്നു എല്ലാ ബ്രാഞ്ചുകളുടേയും അവസ്ഥ. സൊസൈറ്റിക്ക് ഭരണസമിതി ഉണ്ടെങ്കിലും സ്ഥിരം കുറ്റികളായിരുന്നു പലരും. ഭരണസമിതിയുടെ ധൂര്‍ത്ത് അതിരുവിട്ടതോടെ ഇത് മുങ്ങുമെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍ സിപിഎം ജില്ലാ കമ്മറ്റിക്ക് പലതവണ പരാതികൊടുത്തു. ജില്ലാ കമ്മറ്റി അംഗമായിരുന്ന ഒക്ലാവ് കൃഷ്ണന്‍ സൊസൈറ്റിയില്‍ ഡയറക്ടറായിരുന്നു. പക്ഷേ ജില്ലാ കമ്മറ്റി ജീവനക്കാരുടെ പരാതി പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇത് സൊസൈറ്റി പൊളിയുന്നതിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചു. തുടക്കം മുതല്‍ തന്നെ സൊസൈറ്റിയില്‍ ധൂര്‍ത്ത് അരങ്ങേറിയതായി സൂചനയുണ്ട്. മൊത്തം ആറേമുക്കാല്‍കോടിയുടെ ബാധ്യതയാണ് സംഘത്തിന് അവശേഷിക്കുന്നത്. ആസ്തി എല്ലാംകൂടി വിറ്റുപെറുക്കിയാലും 3 കോടിയില്‍ താഴെമാത്രമേ കിട്ടുകയുള്ളൂ. പെരുമ്പള്ളിയില്‍ കൊപ്ര ഉണങ്ങാനെന്ന വ്യാജേന ഒരേക്കര്‍ സ്ഥലം വാങ്ങി അതില്‍ ഷെഡ് നിര്‍മ്മിച്ചു. സെന്‍റിന് 10,000 രൂപക്ക് ലഭിക്കുമായിരുന്ന പെരുമ്പള്ളിയിലെ ഒരേക്കര്‍ സ്ഥലത്തിന് 36000 രൂപയാണ് വില കാണിച്ചത്. സുമാര്‍ 2 ലക്ഷത്തിന് നിര്‍മ്മിക്കാന്‍ കഴിയുന്ന ചെറിയ ഷെഡിനും നിര്‍മ്മാണ ചിലവ് വന്‍തുക കാണിച്ചു. ഇതൊക്കെയാണ് മാലക്കല്ല് സൊ സൈറ്റിയെ പതനത്തിലേക്ക് നയിച്ചത്.