നീലേശ്വരം : ദിവസങ്ങള്‍ക്ക് മുമ്പ് ഗതാഗതത്തിന് തുറന്ന് കൊടുത്ത ദേശീയപാതയിലെ കാര്യങ്കോട് പുതിയ റോഡ് പാലം ഇന്ന് ഉച്ചയോടെ പൂര്‍ണ്ണമായും അടച്ചു. ഗതാഗതം പഴയ പാലത്തിലൂടെ വഴി തിരിച്ച് വിട്ടു. പുതിയ പാലത്തിന്‍റെ സ്പാനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എക്സ്പാന്‍ഷന്‍ പൂര്‍ത്തിയാക്കാതെയാണ് തിടുക്കപ്പെട്ട് ഏതാനും ദിവസം മുമ്പ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ വലിയ തോതില്‍ കുലുക്കവും ശബ്ദവും അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാത പ്രൊജക്റ്റ് ഡയറക്ടര്‍ ഇടപ്പെട്ടാണ് ഇന്ന് പാലം അടച്ചിട്ട് പ്രവര്‍ത്തി പൂര്‍ത്തികരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് പൂര്‍ത്തികരിക്കാന്‍ ഒരു മാസമെങ്കിലും സമയം എടുക്കുമത്രെ. കാലപഴക്കത്താല്‍ അപകട ഭീഷണിയിലാണ് 61 വര്‍ഷം പഴക്കമുള്ള പഴയ പാലം. പുതിയ പാലം തുറന്ന് കൊടുത്താല്‍ ഉടന്‍ തന്നെ പഴയ പാലം പൊളിച്ച് മാറ്റുമെന്നും അവിടെ പുതിയപാലം നിര്‍മ്മിക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണ് കാര്യങ്കോട് പാലം. മൂന്നുവരി പാതയോടുകൂടിയാണ് പുതിയ പാലം നിര്‍മ്മിച്ചത്. രണ്ടാമത്തെ പാലം നിര്‍മ്മിക്കുന്നത് മൂന്നുവരിയായിരിക്കും.
ഏതാനും ദിവസം മുമ്പ് ഗതാഗതത്തിന് തുറന്ന് കൊടുത്ത കാര്യങ്കോട് പുതിയ പാലം അടച്ചു