തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അമിത്തിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമം

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിത് ഉറാങിനെ കുടുക്കിയത് അമിത ഇന്‍സ്റ്റാഗ്രാം ഭ്രമം. സുഹൃത്തിന്‍റെ വൈഫൈ അക്കൗണ്ട് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം ഓപ്പണ്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. അമിത് ഉറാങിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള വ്യക്തിയാണ്. കൊലപാതക ശേഷവും ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇടപെടാനുള്ള പ്രവണത ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് സുഹൃത്തിന്‍റെ വൈഫൈ ഉപയോഗിച്ച് കൊലനടത്തിയ വീട്ടില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ ഫോണില്‍ ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത്. അതാണ് പ്രതിയെ ട്രാക്ക് ചെയ്യാന്‍ പോലീസിനെ സഹായിച്ചത്.

ഇന്നലെയാണ് ഇയാള്‍ പിടിയിലായത്. സിസിടിവി പരിശോധനയില്‍ പ്രതി രക്ഷപ്പെട്ടതിനെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. ഇതിനിടയിലാണ് കൊലപാതക സ്ഥലത്ത് നിന്നും മോഷ്ടിച്ച ഫോണ്‍ ഇയാള്‍ ഓണ്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള പോലീസ് സംഘം തൃശൂരിലെത്തി ഇന്നലെ പുലര്‍ച്ചെ പ്രതിയെ പിടികൂടുകയായിരുന്നു. മാള മേലടൂരിലെ കോഴിഫാമിന്‍റെ കെട്ടിടത്തില്‍ നിന്നുമാണ് അമിത് എന്ന അസം സ്വദേശിയെ പിടികൂടിയത്. കൊല്ലപ്പെട്ട വിജയകുമാറിന്‍റെ വീട്ടിലെ മുന്‍ ജോലിക്കാരനാണ് അമിത്ത്. മൂന്നരക്കൊല്ലം അമിത്ത് വിജയകുമാറിനോടൊപ്പം ജോലിചെയ്തു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടിയതിനെ തുടര്‍ന്ന് അമിത്തിന്‍റെ പേരില്‍ വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അമിത്തിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍റ് ചെയ്തു. അമിത്തിനെ ജാമ്യത്തിലെടുക്കാന്‍ ആരും തയ്യാറായില്ല. പിന്നീട് പണം കൊടുത്ത് അമിത്തിന്‍റെ നാട്ടുകാര്‍ രണ്ട് സ്ത്രീകളെ ജാമ്യക്കാരാക്കിയാണ് പുറത്തിറക്കിയത്. ജയിലില്‍ പോകുന്നതിന് മുമ്പ് ഒരു യുവതിയുമായി അമിത്ത് അടുപ്പത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായി. റിമാന്‍റിലായതോടെ യുവതി അമിത്തിനെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. ജോലി നഷ്ടപ്പെട്ടതും ജയിലിലായതും യുവതിയെ നഷ്ടപ്പെട്ടതുമാണ് വിജയകുമാറിനോട് അടങ്ങാത്ത പക ഉണ്ടാവാന്‍ കാരണം.

ഇന്നലെ പുലര്‍ച്ചെ പ്രതിക്കൊപ്പം സഹോദരനെയും പോലീസ് കരുതല്‍ തടങ്കലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ഉണ്ടായ മോഷണ കേസില്‍ പ്രതിയെ പണം വാങ്ങി ജാമ്യത്തിന് ഇറക്കിയ വൈക്കം സ്വദേശികളായ രണ്ടു യുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. അമിത്തിന് മാളയില്‍ അഭയം ഒരുക്കിയത് സഹോദരനാണ്. വിജയകുമാറിന്‍റെ വീട്ടില്‍ നിന്നും കൈക്കലാക്കിയ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് വിജയകുമാറിന്‍റെ വീടിന് സമീപത്തെ തോട്ടില്‍ നിന്നും പോലീസ് ഇന്നലെ കണ്ടെടുത്തു. കൊലപാതകം ചെയ്യാന്‍ മൂന്നുദിവസം കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബിനോലോഡ്ജില്‍ പ്രതി താമസിച്ചിട്ടുണ്ട്. കൊലപാതകത്തിന്‍റെ അന്ന് രാത്രി 10 മണിക്ക് പ്രതി ഇറങ്ങിപ്പോകുന്നതും പുലര്‍ച്ചെ നാലേകാലോടെ മടങ്ങിയെത്തുന്നതും ലോഡ്ജിന്‍റെ സിസിടിവിയില്‍ കാണാം. ആയുധത്തില്‍ അടക്കമുള്ള വിരല്‍ അടയാളങ്ങളാണ് അമിത് തന്നെയാണ് പ്രതി എന്ന് ഉറപ്പിക്കാന്‍ കാരണം. വിജയകുമാറിന്‍റെ മകന്‍ ഗൗതമിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘവും കോട്ടയത്തെത്തി അറസ്റ്റിന്‍റെ വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം, കൊലപാതകം നടന്ന സ്ഥലത്തും സിബിഐ സംഘം എത്തിയിരുന്നു.