കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. നാളെ നിശബ്ദപ്രചരണം. മറ്റന്നാള്‍ കേരളം പോളിംഗ് ബൂത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചരണം അവസാനിക്കും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഒരുമാസത്തോളം നീണ്ട കാടിളക്കിയുള്ള പ്രചാരണത്തിനൊടുവിലുള്ള കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ അവസാനവട്ട കണക്ക് കൂട്ടലുകളിലാണ് സ്ഥാനാര്‍ഥികള്‍. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റന്നാള്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്. ഇന്നത്തെ കൊട്ടിക്കലാശം കഴിഞ്ഞാല്‍ അവസാന 48 മണിക്കൂറില്‍ നിശബ്ദ പ്രചാരണത്തിന് മാത്രം അനുവാദമുള്ളത്. ഈ സമയങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി മദ്യവിതരണം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, പണംകൈമാറ്റം തുടങ്ങിയ നിയമവിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്സിറ്റ് പോള്‍ മുതലായവയും അനുവദിക്കില്ല. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഏപ്രില്‍ 26 ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ 4 നാണ് ഫലപ്രഖ്യാപനം.
കാടിളക്കിയുള്ള പ്രചാരണത്തിന് കൊടിയിറങ്ങുമ്പോള്‍ മുന്നണികള്‍ക്ക് ആത്മവിശ്വാസത്തിനൊപ്പം ആശങ്കയും ബാക്കിയാണ്. ഒന്നരമാസത്തിനിടെ മാറിമറിഞ്ഞ പ്രചരണ വിഷയങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചത് എന്തൊക്കെയെന്നത് ഏറെ പ്രധാനം. വാക്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും മുന്നേറിയ വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. പ്രചാരണ രംഗത്തെ ഒരു മാസക്കാലം കണ്ട ശക്തി പ്രകടനത്തിന്‍റെ അവസാന വട്ട മാറ്റുരക്കല്‍ വേദിയായി ഇന്നത്തെ കലാശക്കൊട്ട് മാറും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ കൊട്ടിക്കലാശം മുന്നണികളുടെ ബലാബലത്തിന്‍റെ പരീക്ഷണം കൂടിയാണ്. മറ്റന്നാള്‍ വോട്ടെടുപ്പ് കഴിഞ്ഞാലും വിധി അറിയാനായി ജൂണ്‍ 4 വരെ കാത്തിരിക്കണം.