മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ മീന്‍ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ നാഷണല്‍ ഹൈവേയില്‍ മീന്‍ ലോറി മറിഞ്ഞ് റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കോഴിക്കോട് നിന്നും മീന്‍ കയറ്റി മംഗലാപുരം ഉള്ളാളിലെ ഫാക്ടറിയിലേക്ക് പോവുകയായിരുന്ന മീന്‍ ലോറി ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന വടകര സ്വദേശിയായ ഡ്രൈവര്‍ വിജിന്‍ കുമാര്‍ (35) പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍കോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ 2 യൂണിറ്റ് വാഹനം സംഭവസ്ഥലത്ത് എത്തി മറിഞ്ഞ ലോറിയിലെ മീന്‍ മുഴുവനായും മറ്റ് രണ്ടുവണ്ടികളിലേക്ക് മാറ്റി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് നാഷണല്‍ ഹൈവേയിലൂടെയുള്ള വാഹനഗതാഗതം രണ്ടു മണിക്കൂര്‍ നേരത്തേക്ക് അപ്പ്രോച്ച് റോഡിലൂടെ കടത്തിവിട്ടു. വാഹനം ക്രെയിന്‍ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയതിനുശേഷം റോഡിലേക്ക് ഒഴുകിയ ഓയില്‍, മീന്‍റെ അഴുക്ക് വെള്ളം എന്നിവ സോപ്പുപൊടി വിതറി വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി. രാത്രി 11 മണിയോടുകൂടി ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിച്ചു. സേനാംഗങ്ങളായ ഇ.പ്രസീദ്, സി.വി.ഷബില്‍കുമാര്‍, പി.രാജേഷ്, എസ്.അരുണ്‍കുമാര്‍, കെ.വി.ജിതിന്‍ കൃഷ്ണന്‍, ജെ.ബി.ജിജോ, അതുല്‍ രവി, ഹോം ഗാര്‍ഡ് മാരായ പി.വി. രഞ്ജിത്ത്, കെ.സുമേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.