ആദ്യം ടോക്കണ്‍ നല്‍കാത്തതിന് ഉണ്ണിത്താന്റെ പ്രതിഷേധം ബാലകൃഷ്ണനും ഉണ്ണിത്താനും പത്രിക നല്‍കി

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ കളക്ടര്‍ക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ സബ് കളക്ടര്‍ക്കും പത്രിക നല്‍കി. അതേസമയം ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാരോപിച്ച് സിറ്റിംങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കാന്‍ ടോക്കണ്‍ അനുവദിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ടോക്കണ്‍ വാങ്ങാന്‍ ക്യൂ നിന്നത് അസീസ് കടപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ടോക്കണ്‍ നല്‍കിയത് എം.വി.ബാലകൃഷ്ണനായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായില്ല.

ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി. ഒമ്പത് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന് നല്‍കാന്‍ ശ്രമിച്ചെന്നായിരുന്നു ഉണ്ണിത്താന്‍ പരാതിപ്പെട്ടത്. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താന്‍ കളക്ട്രേറ്റില്‍ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറഞ്ഞു. എന്നാല്‍ ഈ വാദം വകവയ്ക്കാതെയായിരുന്നു സിവില്‍ സ്റ്റേഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധിച്ചത്.

അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കില്‍ കളക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധം ആരംഭിച്ചപ്പോള്‍സമീപത്തുണ്ടായിരുന്ന മുസ്ലിം ലീഗ് നേതാക്കളും പ്രതിഷേധത്തില്‍ ഭാഗമായി. പോലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആക്ടിങ് ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പുവും രാജ്‌മോഹന്‍ ഉണ്ണിത്താനോട് സംസാരിച്ചു. എന്നാല്‍ ഇതൊന്നും വകവെക്കാതെ എംപി എകെഎം അഷ്‌റഫ് എംഎല്‍എയെ ഒപ്പം കൂട്ടി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ചെയ്തത്.

ഒടുവില്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ പ്രതിഷേധം പിന്‍വലിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് എംവി ബാലകൃഷ്ണന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. സി.പിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍, എംഎല്‍എ മാരായ ഇ.ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം.രാജഗോപാലന്‍ എന്നിവരും കെ.വി കുഞ്ഞിരാമനന്‍, വി.പി.പി മുസ്തഫ തുടങ്ങിയവര്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം പത്രികസമര്‍പ്പിക്കാനെത്തി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ് തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ഉണ്ണിത്താന്‍ പത്രിക സമര്‍പ്പിച്ചത്.