വി.വേണുഗോപാലന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി

പാലക്കാട് : രാജ്യാന്തര പരിശീലകന്‍ വി വേണുഗോപാലന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത 25 പരിശീലകര്‍ 25 മണിക്കൂര്‍ തുടര്‍ച്ചയായി റൈസ് അപ്പ് ട്രെയിനിംഗ് മാരത്തോണ്‍ എന്ന പേരില്‍ നടത്തിയ പരിശീലന പരിപാടിയില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയതിനാണ് വേണുഗോപാലിന്‍റെ പേര് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്തിയത്. പാലക്കാട് ലീഡ് എം ബി എ കോളേജില്‍ ജൂനിയര്‍ ചേംബറാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 23 വര്‍ഷങ്ങളായി മാനവ വിഭവശേഷി വികസന പരിശീലന രംഗത്ത് സജീവമാണ് കാസര്‍കോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപകനായ വി.വേണുഗോപാലന്‍. ഇന്ത്യയിലും വിദേശത്തുമായി 2000 ലധികം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 2 ലക്ഷത്തോളം പേരെ വിവിധ വിഷയങ്ങളില്‍ പരിശീലിപ്പിച്ചു. ജേസീസിന്‍റെ മേഖലാ പ്രസിഡന്‍റായിരിക്കെ ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലാ പ്രസിഡണ്ടിനുള്ള അവാര്‍ഡ് നേടി. മികച്ച പരിശീലകനുള്ള രവി പുരസ്കാര്‍ 2003 ല്‍ ലഭിച്ചു. ലയണ്‍സ് ഇന്‍റര്‍നാഷണലിന്‍റെ കേരളത്തിലെ മികച്ച സോണ്‍ ചെയര്‍പേര്‍സന്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ലയണ്‍സിന്‍റെ കാസര്‍കോട് ജില്ലാ സെക്രട്ടറിയാണ് . മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രോമാ കെയര്‍ സൊസൈറ്റി ട്രാക്കിന്‍റെ ജില്ലാ സെക്രട്ടറികൂടിയാണ്. സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമാണ്. ഭാര്യ കെ ഷീബ (അധ്യാപിക), മകന്‍ ഡോ. ഷെറി (വിന്‍ടച്ച് ഹോസ്പിറ്റല്‍) മകള്‍ ഷാന (എം ബി ബി എസ് വിദ്യാര്‍ത്ഥിനി).