അബുദാബി ലുലുമാളില്‍ നിന്നും ഒന്നരകോടി തട്ടിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

അബുദാബി: അബുദാബി ലുലുവില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫിസ് ഇന്‍ ചാര്‍ജായിരുന്ന നിയാസ്. ജോലി ചെയ്തു വരെവെയാണ് ഇയാള്‍ ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് മുങ്ങിയത്. ഉടന്‍ തന്നെ ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എത്രയും വേഗത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ജോലിക്ക് വന്നില്ല, സഹപ്രവര്‍ത്തകരും ലുലു അധികൃതരും ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫുമായിരുന്നു. തുടര്‍ന്ന് കൗണ്ടറില്‍ നടത്തിയ പരിശോധനയില്‍ ആറ് ലക്ഷം ദിര്‍ഹത്തിന്‍റെ കുറവ് കണ്ടെത്തി.

ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നതിനാല്‍ നിയാസിന്‍റെ പാസ്പോര്‍ട്ട് കമ്പനിയായിരുന്നു സൂക്ഷിച്ചത്. അതുകൊണ്ട് നിയാസ് യുഎഇയില്‍ നിന്ന് പോകാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ പ്രതിയെ പിടികൂടി. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. അബുദാബിയില്‍ കുടുംബത്തോടൊപ്പമാണ് താമസം. സംഭവശേഷം ഭാര്യയും മക്കളും ആരെയും അറിയിക്കാതെ നാട്ടിലേക്ക് പോയിരുന്നു. നിയാസിനെതിരെ കേരള പോലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കി. പ്രതിയെ വേഗത്തില്‍ അറസ്റ്റ് ചെയ്ത അബുദാബി പോലീസിന്‍റെ ജനറല്‍ കമാന്‍ഡിന് ലുലു അധികൃതര്‍ നന്ദി അറിയിച്ചു.