നഗരഹൃദയത്തില്‍ ആക്രിക്കട: ഗതാഗതക്കുരുക്ക് രൂക്ഷം, പരാതിയോട് മുഖം തിരിച്ച് നഗരസഭ

നീലേശ്വരം: യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആക്രിക്കട നഗരത്തില്‍ വലിയ ഗതാഗത കുരുക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയും സൃഷ്ടിക്കുന്നു. ഇതിനെതിരെ നടപടിയെടുക്കേണ്ട നഗരസഭാ അധികൃതര്‍ ചിലരുടെ താല്‍പ്പര്യത്തിന് വഴങ്ങി ഉറക്കം നടിക്കുന്നു.

നീലേശ്വരം മെയിന്‍ ബസാറില്‍ തെരുവ് റോഡ് ജംഗ്ഷനിലാണ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായി ആക്രിക്കട പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും നടുറോഡില്‍ വണ്ടി നിര്‍ത്തിയിട്ടാണ് സാധനങ്ങള്‍ ഇറക്കുന്നതും കയറ്റുന്നതും. അതുപോലെ സാധനങ്ങള്‍ ഇറക്കിവെക്കുന്നതും റോഡിനോട് ചേര്‍ന്നാണ്. യാതൊരു അടച്ചുറപ്പുമില്ലാത്ത കെട്ടിടത്തിലാണ് ആക്രിക്കട പ്രവര്‍ത്തിക്കുന്നത്. അതിനോട് ചേര്‍ന്ന് തന്നെ പഴയ കാലിച്ചാക്ക് വ്യാപാരവും നടക്കുന്നുണ്ട്. നഗരസഭയില്‍ നിന്ന് കടമുറിക്കുള്ള ലൈസന്‍സ് മാത്രമാണ് നല്‍കിയിട്ടുള്ളത്. ആക്രിക്കട പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ഗോഡൗണ്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാവണം. യാതൊരു മാനദണ്ഡവും പാലിക്കാതെ നഗരസഭയുടെ മൗനാനുവാദത്തോടെ കൂടി വര്‍ഷങ്ങളായി ഈ അനധികൃത ആക്രിക്കട പ്രവര്‍ത്തിക്കുന്നു. ചെറിയൊരു തീപ്പൊരി വീണാല്‍ നഗരം തന്നെ ഒന്നാകെ കത്തിച്ചാമ്പലാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകും. മുമ്പ് ഒരുതവണ തീപിടുത്തം ഉണ്ടായപ്പോള്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വലിയ അത്യാഹിത്തിലേക്ക് പോകാതെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. ഇതിന്‍റെ സമീപത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളും മുസ്ലിംപള്ളി, ഹോട്ടല്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എല്‍ പി സ്ക്കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഒരു അത്യാഹിതം സംഭവിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം പറഞ്ഞറിയിക്കുന്നതിനും അപ്പുറമായിരിക്കും. ഒരു അപകടം സംഭവിച്ചാല്‍ മാത്രം സടകുടഞ്ഞ് എഴുന്നേല്‍ക്കുന്ന അധികൃതര്‍ ജനങ്ങള്‍ക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഈ ആക്രിക്കടക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇതിലൂടെ നടന്നു പോകുമ്പോള്‍ ആക്രി വസ്തുക്കളില്‍ തട്ടി അപകടങ്ങള്‍ പതിവാണ്. തെരു റോഡ് ടാര്‍ ചെയ്തതോടെ ഇത് വഴിയുള്ള വാഹന തിരക്കും കൂടിയിട്ടുണ്ട്. മാര്‍ക്കറ്റ് റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ ഇപ്പോള്‍ തെരു റോഡ് വഴിയാണ് നഗരത്തില്‍ പ്രവേശിക്കുന്നത്. റോഡ് ടാര്‍ചെയ്തതോടെ ഇത് വഴി വാഹനങ്ങള്‍ മത്സര ഓട്ടവും തുടങ്ങി. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.