രാജപുരം: 15 കൊല്ലം മുമ്പ് കോടോം-ബേളൂര്‍ പഞ്ചായത്ത് പരിധിയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം പാണത്തൂര്‍ പവിത്രംകയയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചത് മഹീന്ദ്ര ജീപ്പ്.
ജെയ്ക്ക് എബ്രാഹം എന്നയാളുടെ പേരിലുള്ള കെഎല്‍ 13 എ 6042 ജീപ്പിലാണ് മൃതദേഹം പാണത്തൂര്‍ പുഴയോരത്ത് എത്തിച്ചത്. അന്ന് ഈ ജീപ്പ് ഉപയോഗിച്ചിരുന്നത് പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസാണ്. ജെയ്ക്ക് എബ്രാഹം പിന്നീട് ആന്ധ്രയില്‍വെച്ച് മരണപ്പെട്ടു. പക്ഷേ ജീപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടില്ലത്രെ. ജീപ്പ് തൊണ്ടിമുതലാണ്. അതുകണ്ടെത്തി കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജുപൗലോസിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ക്രൈംബ്രാഞ്ച് ഹരജി നല്‍കിയെങ്കിലും ഹരജി കോടതിതള്ളി. മുമ്പ് ലോക്കല്‍ പോലീസും ബിജുവിനെ നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടിയെങ്കിലും ബിജു അതിന് തയ്യാറായില്ല. നുണപരിശോധന നടത്തണമെങ്കില്‍ നുണപരിശോധനക്ക് വിധേയനാവുന്ന വ്യക്തിയുടെ സമ്മതം ആവശ്യമാണ്. പെണ്‍കുട്ടിയുടെ മൃതദേഹം പുഴയിലൊഴുക്കിയതായി ക്രൈംബ്രാഞ്ച് ബിജുപൗലോസിന്‍റെ കുറ്റസമ്മതമൊഴി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നുണ പരിശോധനക്ക് തയ്യാറാവുമോയെന്ന് കണ്ടുതന്നെ അറിയണം. മലയോരത്തെ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടിയോട് ബിജുപൗലോസിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ അടുപ്പം മുതലെടുത്താണ് പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ എന്‍ടിടിസി കോഴ്സിന് ചേരാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. എന്‍ടിടിസി കോഴ്സിന് അഡ്മിഷന്‍ തരപ്പെടുത്തിയശേഷം കാഞ്ഞങ്ങാട്ടെ ഒരു വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചു. എന്നാല്‍ ഏതാനും മാസത്തിനുള്ളില്‍ ബല്ല കടപ്പുറത്തെ ഒരു ക്വാര്‍ട്ടേഴ്സ് വാടകയ്ക്കെടുത്ത് പെണ്‍കുട്ടിയേയും മറ്റ് ചില കുട്ടികളേയും ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റി. എന്നാല്‍ ഇടക്കിടെ ബിജുവിന്‍റെ വരവും പോക്കും പന്തിയല്ലെന്ന് മനസ്സിലാക്കിയ മറ്റ് കുട്ടികള്‍ അവിടെനിന്നും താമസം മാറി. ഇതേ തുടര്‍ന്ന് ക്വാര്‍ട്ടേഴ്സില്‍ ബിജുവിന്‍റെ ഇഷ്ടതാരമായ പെണ്‍കുട്ടി മാത്രമായി. പിന്നാലെ ബിജുവും അവിടെ താമസം തുടങ്ങി. ബിജു ഇല്ലാത്ത ദിവസങ്ങളില്‍ മാതാവ് ഏലിയാമ്മയെ പെണ്‍കുട്ടിക്ക് കൂട്ടായി താമസിപ്പിച്ചു. ഇതിനുശേഷമാണ് മഡിയനിലെ തൗഫീക്ക് ക്വാര്‍ട്ടേഴ്സ് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. അപ്പോഴേക്കും പെണ്‍കുട്ടി നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിതുടങ്ങിയിരുന്നു. കഴുത്തിലെ മാലയില്‍ താലിയും ചാര്‍ത്തിയിരുന്നുവെന്നാണ് റിമാന്‍റ് റിപ്പോര്‍ട്ട്.
പ്രായപൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് നെറ്റിയില്‍ സിന്ദൂരവും കഴുത്തിലെ മാലയില്‍ താലിയും ചാര്‍ത്തിയത്. കൂടാതെ വൈകാതെ തങ്ങളുടെ വിവാഹത്തിന്‍റെ റിസപ്ഷന്‍ ഉണ്ടാവുമെന്നും പെണ്‍കുട്ടി കൂട്ടുകാരികളോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഈ വിവരങ്ങളൊന്നും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവില്‍ ബിജുവേട്ടന്‍ എറണാകുളത്ത് ജോലി ശരിയാക്കിയിട്ടുണ്ടെന്നും ജോലിക്ക് പോകുന്നുവെന്നും വീട്ടുകാരോട് പറഞ്ഞു. പെണ്‍കുട്ടിയുടേതായ സാധനങ്ങളെടുക്കാന്‍ മഡിയനില്‍ നിന്നും ഓട്ടോറിക്ഷയിലാണ് മലയോരത്തെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്നും സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യുന്നതുവരെ ഓട്ടോറിക്ഷ റോഡില്‍ കിടന്നു. ഈ സമയത്ത് ഓട്ടോറിക്ഷയില്‍ ബിജുവിന്‍റെ മാതാവ് ഏലിയാമ്മയും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഈ ഓട്ടോറിക്ഷയുടെ ഡ്രൈവറെ ക്രൈംബ്രാഞ്ച് പലതവണ ചോദ്യം ചെയ്ത് മൊഴിരേഖപ്പെടുത്തി.