ചിത്താരി ജമാഅത്ത് സ്കൂളില്‍ റാഗിംങ്; ഷൂ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

കാസര്‍കോട്: കാസര്‍കോട് ചിത്താരി ജമാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മര്‍ദ്ദിച്ച കാര്യം പുറത്തു പറഞ്ഞാല്‍ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാല്‍ മര്‍ദ്ദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിയ്ക്ക് തലചുറ്റല്‍ അനുഭവപ്പെടുകയും വീട്ടില്‍ കിടക്കുകയുമായിരുന്നു. അപ്പോഴും മര്‍ദ്ദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. പിന്നീട് വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുകയും ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.