പ്രസവത്തിനിടെ മരണപ്പെട്ട യുവതിയുടേയും കുട്ടിയുടേയും മൃതദേഹങ്ങള്‍ സംസ്ക്കരിച്ചു

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മ ക്ലിനിക്കില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത യുവതിയും കുട്ടിയും മരിച്ച സംഭവത്തില്‍ രണ്ട് മൃതദേഹങ്ങളും പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ചേറ്റുകുണ്ടിലെ സമുദായശ്മശാനത്തില്‍ സംസ്ക്കരിച്ചു.

ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്‍റെ ഭാര്യയും നീലേശ്വരം നാഗച്ചേരിയിലെ ബാലകൃഷ്ണന്‍-രാജീവി ദമ്പതികളുടെ മകളുമായ ദീപയും(36) നവജാതശിശുവുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ദീപയെ പത്മ ക്ലിനിക്കില്‍ പ്രസവത്തിന് അഡ്മിറ്റ് ചെയ്തത്. വൈകീട്ട് ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. പക്ഷേ വൈകീട്ട് കുട്ടി മരിച്ചു. പിന്നാലെ മാതാവ് ദീപക്ക് കലശലായ രക്തസ്രാവം ഉണ്ടായി. സ്ഥിതി മോശമാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ ദീപയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. പരിയാരത്ത് ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ദീപയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പരിയാരത്തെത്തുമ്പോഴേക്കും ദീപയുടെ ആരോഗ്യസ്ഥിതി വഷളായി കഴിഞ്ഞിരുന്നു. പ്രസവത്തോടെ അമ്മ മരിച്ചാല്‍ ആശുപത്രി അധികൃതര്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അപൂര്‍വ്വരോഗമെന്നാണ് പറയാറുള്ളത്. പക്ഷേ ഇവിടെ ലക്ഷത്തിലേക്ക് കടന്നില്ല. പകരം മരണകാരണം പതിനായിരത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന രോഗമെന്ന് പറഞ്ഞ് അധികമാരും കേട്ടിട്ടില്ലാത്ത രോഗത്തിന്‍റെ പേരാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഡോക്ടറില്‍ നിന്നും ചികിത്സാപിഴവുണ്ടായാല്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ അംഗമായ രാജ്യത്തെ ഒരു ഡോക്ടറും ചികിത്സ നടത്തിയ ഡോക്ടറെ കുറ്റപ്പെടുത്തി എഴുതാറില്ല. ഡോക്ടറുടെ വീഴ്ചയാണ് രോഗിമരിക്കാനെന്ന് കണ്ടെത്താനുള്ള ഒരു സംവിധാനവും രാജ്യത്ത് ഇല്ല എന്ന് സാരം.

പത്മ പോളിക്ലിനിക്കിലെ ചികിത്സാപിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റെയും മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് ദീപയുടേയും കുട്ടിയുടെയും മരണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസാകട്ടെ ഡോക്ടറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതും കാത്തിരിക്കുകയാണ്. ഏഴാംതരം വിദ്യാര്‍ത്ഥിനി സായ സാഗര്‍ ഈ ദമ്പതികളുടെ മൂത്തമകളാണ്.