നീലേശ്വരം: കിനാനൂര്‍ -കരിന്തളം പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് കഴിച്ചിട്ട ഭാഗം മഴ പെയ്തതോടെ വന്‍ കുഴിയായി മാറി.
പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട പോണ്ടി -ചൂരിപ്പാറ റോഡിലാണ് കുഴിയായി മാറിയത്. രണ്ട് മാസം മുമ്പാണ് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ കുഴിയെടുത്ത് പൈപ്പിട്ട് മൂടിയത്. തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ മിക്കയിടങ്ങളിലും മഴവെള്ളത്തില്‍ മണ്ണൊഴുകിപ്പോയി വലിയ കുഴികള്‍ രൂപപ്പെടുകയായിരുന്നു. പൈപ്പിട്ടശേഷം കുഴി പൂര്‍ണ്ണമായി മൂടാന്‍ കരാറുകാരന്‍ തയ്യാറാവുന്നില്ലത്രെ. ഇതുകാരണം പലയിടത്തും ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെടുന്നുണ്ട്. കാലാവര്‍ഷം ശക്തമാകുന്നതോടെ മണ്ണെല്ലാം ഒലിച്ച് പോയി റോഡിന്‍റെ ഒരു ഭാഗത്ത് വന്‍ കുഴി തന്നെ രൂപപ്പെടുമെന്ന അവസ്ഥയാണുള്ളത്. വാഹനങ്ങള്‍ക്ക് ഇത് ഭീഷണിയായിമാറുകയും ചെയ്യും. റോഡിനോട് ചേര്‍ന്ന് കുഴിയെടുത്ത സ്ഥലങ്ങളിലെ മതിലുകള്‍ക്കും ഇത് ഭീഷണിയായി മാറാനുള്ള സാദ്ധ്യതയേറെയാണ്. കേരള വാട്ടര്‍ അതോറിറ്റിയാണ് ജലജീവന്‍ മിഷന്‍ കുടിവെള്ള വിതരണ പ്രവൃത്തി ചുമതല ഏറ്റെടുത്തിട്ടുള്ളത്. കുഴികള്‍ ശരിയായി അടയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പൈപ്പിടാന്‍ റോഡുകള്‍ മുറിച്ച സ്ഥലത്തും വന്‍ കുഴി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റോഡ് മുറിച്ച സ്ഥലത്ത് ഇതുവരെയായി ടാര്‍ ചെയ്തിട്ടുമില്ല.