ചെമ്മട്ടംവയല്‍-അമ്പലത്തുകര റോഡില്‍ ഗതാഗതം നിലച്ചിട്ട് അഞ്ച് ദിവസം

ചെമ്മട്ടംവയല്‍: ചെമ്മട്ടംവയല്‍ -അമ്പലത്തുകര റോഡില്‍ ഗതാഗതം നിലച്ചിട്ട് അഞ്ച് ദിവസം. ദിവസവും ബസുകടളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ ബല്ല വയലില്‍ വെള്ളം കയറിയതാണ് ഗതാഗതം തടസ്സപ്പെടാന്‍ കാരണം. ഇതോടെ കുറ്റിക്കാല്‍, ആലൈ, നീലാശ്വരം, പൂടംകല്ലടുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പോലും പൂടംകല്ലടുക്കം കോളനി റോഡിനെ ആശ്രയിച്ചാണ് ചെമ്മട്ടംവയലിലും കാഞ്ഞങ്ങാട് നഗരത്തിലും മാവുങ്കാലിലും ജില്ലാ ആശുപത്രിയിലുമൊക്കെ പോകുന്നത്. ബല്ല ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പോകേണ്ട വിദ്യാര്‍ത്ഥികളും വലയുകയാണ്.

ഈ റോഡ് ഏതാനും വര്‍ഷം മുമ്പ് മെക്കാഡം ടാറിങ്ങ് നടത്തി. ബല്ല വയലില്‍ വെള്ളം ഉയര്‍ന്ന് റോഡ് ഗതാഗതം എല്ലാ വര്‍ഷകാലത്തും ദിവസങ്ങളോളം തടസ്സപ്പെടുന്നതിനാല്‍ വയല്‍പ്രദേശത്തെ റോഡ് റീടാറിങ് നടത്തിയില്ല. ബല്ല വയല്‍ റോഡ് വീതികൂട്ടാനും ഉയര്‍ത്താനും ഇരുവശത്തുമുള്ള ഭൂ ഉടമകള്‍ ഭൂമി വിട്ടുകൊടുക്കാന്‍ വൈകിയതാണ് വയല്‍ഭാഗത്തെ റോഡ് പഴയപടിതന്നെ കിടക്കാന്‍ കാരണം. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെ ആവശ്യത്തെതുടര്‍ന്ന് 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനുള്ള ഭൂമി ഇരുവശങ്ങളിലുമുള്ള ഭൂ ഉടമകള്‍ വിട്ടുകൊടുത്തു. ഇതിന് എസ്റ്റിമേറ്റുണ്ടാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ച് രണ്ടരക്കോടി രൂപ അനുവദിപ്പിച്ചു. ഇതിന്‍റെ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായി. കാസര്‍കോട് സ്വദേശി ഷെരീഫ് ഇതിന്‍റെ നിര്‍മ്മാണ കരാര്‍ എടുത്തിട്ടുണ്ട്. റോഡിന്‍റെ മധ്യത്തില്‍ നിന്നും രണ്ട് വശങ്ങളിലേക്കും ആറ് മീറ്റര്‍ വീതം വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. മൂന്ന് കള്‍വര്‍ട്ടുകളും നിര്‍മ്മിക്കും. മഴമാറിയാല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്ന് കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരനും മുന്‍സിപ്പല്‍ കൗ ണ്‍സിലര്‍ സുശീലയും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബിജുവും അറിയിച്ചു.