നീലേശ്വരം: പ്രണയ തട്ടിപ്പ് വീരനായ നീലേശ്വരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും ജമാഅത്ത് ഭാരവാഹിയുമായ യുവാവ് കോഴിക്കോട് പോലീസിന്‍റെ പിടിയില്‍.
ഫെയ്സ് ബുക്കില്‍ വ്യാജ ഐഡി നിര്‍മ്മിച്ച് പ്രണയം നടിച്ച് സ്ത്രീയില്‍ നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ നീലേശ്വരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവും നീലേശ്വരം ജമാഅത്ത് മുന്‍ ഭാരവാഹിയുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറാണ് ഒടുവില്‍ കുടുങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ഭാരവാഹിയും ഐഎന്‍ടിയുസി നേതാവുമായിരുന്നു ഷെനീര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു വീട്ടമ്മയെ ഷാനു എന്‍ ഐ ആര്‍ എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെട്ട് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാന്‍ എന്ന് പറഞ്ഞ് ഷെനീര്‍ 10 പവന്‍ തട്ടിയെടുത്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ വീട്ടമ്മ നല്‍കിയ പരാതിയില്‍ കോഴക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബൈജുവാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പും യുവാവ് സമാന രീതിയില്‍ തട്ടിപ്പിനൊരുങ്ങിയിരുന്നു. ചന്തേരയില്‍ സമാന സംഭവത്തില്‍ പിടിക്കപ്പെട്ട ശേഷമാണ് ഇയാള്‍ക്ക് പ്രമോഷന്‍ നല്‍കി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആക്കിയതെന്ന ആക്ഷേപമുണ്ട്.