കാടു കയറുന്ന മനുഷ്യനും കാടിറങ്ങുന്ന മൃഗങ്ങളും

കാട്ടാനകൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത് മാധ്യമങ്ങൾക്ക് പലപ്പോഴും ആഘോഷവും കച്ചവടവുമാണ്. റേറ്റിംഗ് ഉയർത്താനുള്ള ഈ മത്സരത്തിനപ്പുറത്ത് മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് പിന്നിലുള്ള കയ്‌പേറിയ കാരണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, പടയപ്പ, ചില്ലിക്കൊമ്പൻ, ഒന്നരക്കൊമ്പൻ തുടങ്ങിയ പേരുകളിലെ കൗതുകത്തിനും ഹീറോയിസത്തിനും പിന്നാലെയാണ് പലപ്പോഴും മാധ്യമങ്ങളുടെ സഞ്ചാരം. പട്ടിണി മാറ്റാൻ ഭക്ഷണം തേടിയിറങ്ങുന്ന വന്യമൃഗങ്ങൾ പൈങ്കിളി വാർത്ത വിഭവങ്ങളായി മാറുകയാണ്.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടിയും കാട്ടുകൾ വെട്ടിത്തെളയിച്ചും മനുഷ്യൻ വനഭൂമകൾ കൃഷിഭൂമികളാക്കിയാണ് അതിജീവനത്തിന്റെ പടവുകൾ താണ്ടിയത്. കൊച്ചു കേരളത്തിന്റെ മനുഷ്യാധിനിവേശ ചരിത്രവും വനവും വന്യജീവികളുമായുള്ള പോരാട്ടത്തിന്റേതാണ്. ഇനിയും നിലച്ചിട്ടില്ലാത്ത ഈ അധിനിവേശത്തിന്റെ പ്രത്യാഘാതമാണ് ഭക്ഷണത്തിനായി കാടിറങ്ങി കൃഷിയിടങ്ങളിൽ നിന്ന് വിശപ്പടക്കിയും മനുഷ്യനെയും നാട്ടുമൃഗങ്ങളെയും വേട്ടയാടിയും വന്യജീവികൾ നടത്തുന്ന അതിജീവന സമരം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിലെ ഈ പുതിയ അധ്യായത്തിന്റെ ഉത്തരവാദിത്തം മുഴുവനായും മനുഷ്യന് തന്നെ. നിലനിൽപിനും അതിജീവനത്തിനുമായുള്ള ജീവിത സമരത്തിലേർപ്പെട്ടിരിക്കുന്ന സാധാരണ മനുഷ്യരല്ല, കാടിനെയും നാടിനെയും ഭരിക്കുന്ന ഭരണകൂടത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മനുഷ്യർ. അവരുടെ ഭാവനാശൂന്യതയും ശാസ്ത്രീയ അവബോധമില്ലായ്മയും മൂലം രൂപപ്പെട്ടു വന്നിരിക്കുന്ന പ്രതിസന്ധിയാണ് മനുഷ്യനെയും അവന്റെ ഉപജീവനോപാധികളെയും വന്യമൃഗങ്ങളുടെ ഇരകളാക്കിക്കൊണ്ടിരിക്കുന്നത്.