ചാലിങ്കാല്‍ - ചാമുണ്ഡിക്കുന്ന് റോഡ് നിര്‍മ്മാണം വീണ്ടും നിലച്ചു; പൊടിയില്‍ വലഞ്ഞ് യാത്രക്കാര്‍

പെരിയ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുനരാംരംഭിച്ച ചാലിങ്കാല്‍ - ചാമുണ്ഡിക്കുന്ന് റോഡ് നിര്‍മ്മാണം വീണ്ടും പാതിവഴിയില്‍. ജില്ലാ പഞ്ചായത്ത് മെക്കാഡം ടാറിങ്ങിനായി തെരഞ്ഞെടുത്ത റോഡിലാണ് നിര്‍മ്മാണം നിലച്ചിരിക്കുന്നത്. അഞ്ച് മാസക്കാലമായിവെട്ടി പൊളിച്ചിട്ട റോഡിന്റെ നിര്‍മ്മാണം നടക്കാതെ വന്നതോടെ സി.പി. എമ്മിന്റെയും ഓട്ടോ തൊഴിലാളി യൂനിയന്റെയും പ്രാദേശിക ഘടകങ്ങള്‍ സമര രംഗത്തിറങ്ങിയതോടെയാണ് പണിവീണ്ടും തുടങ്ങിയത്. റോഡില്‍ നിരത്തിയപഴയ ജില്ലി നീക്കി പുതിയ ജില്ലികള്‍ നിരത്തിയെങ്കിലും ടാറിംങ്ങ് ഇതുവരെയും നടന്നില്ല. മൂന്നര കോടിയുടെ അടങ്കലില്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് മെക്കാഡം ടാറിംങ് നടത്തേണ്ടത്. പുല്ലൂര്‍ - പെരിയയേയും അജാനൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ ടാറിങ്ങാണ് എങ്ങുമെത്താതെ കിടക്കുന്നത്.

രണ്ടാഴ്ചയായി പണി പൂര്‍ണമായും നിര്‍ത്തിവെച്ച തോടെ ഇത് വഴി രാവണേശ്വരത്തേക്കും വെള്ളിക്കോത്ത് വഴി കാഞ്ഞങ്ങാട്ടേക്കും സര്‍വ്വീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ തണ്ണോട്ട് വഴിയാണ് സര്‍വീസ് നടത്തുന്നത്. ഓട്ടോ റിക്ഷകള്‍ ഈ റോഡ് ഒഴിവാക്കി ഇപ്പോള്‍ കേളോത്ത് വഴിയാണ് ചാലിങ്കാലില്‍ എത്തുന്നത്. റോഡില്‍ നിരത്തിയ ജില്ലിക്ക് മുകളിലൂടെ വാഹനങ്ങള്‍ തെന്നിയും തെറിച്ചുമാണ് കടന്ന്‌പോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. കാറ്റടിക്കുമ്പോഴും വാഹനങ്ങള്‍ കടന്ന് പോകുമ്പോഴും പ്രദേശമാകെ പൊടിയില്‍ മൂടുന്ന അവസ്ഥയാണ്. സമീപത്തെ വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത്. രണ്ടാഴ്ച്ചക്കാലമായി പണി നിര്‍ത്തി വെച്ചിട്ടും ബന്ധപ്പെട്ടവരാരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.