ഇ.വി എം മെഷീന്‍െറ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസ്

കാസര്‍കോട്: ഇ വി എം മെഷീന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ സൈബര്‍സെല്‍ പോലീസ് കേസെടുത്തു. കാസര്‍കോട്ടെ അബൂത്താഹി(47)നെതിരെയാണ് പോലീസ് കേസെടുത്തത്. ഏപ്രില്‍ 21 ന് അബൂത്താഹി തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ആര്‍ക്ക് വോട്ട് ചെയ്യണം എന്നതിനേക്കാള്‍ വലിയ ചോദ്യ ചിഹ്നമായി എന്നുതുടങ്ങി ഇലക്ഷന്‍ കമ്മീഷണറേയും കോടതി അടക്കമുള്ള അധികാര നീതിന്യായ സ്ഥാപനങ്ങളെയും ചൊല്‍പ്പടിക്ക് നിര്‍ത്തി ഇ വി എം എന്ന യന്ത്രത്തെ പൂര്‍ണ്ണമായി തങ്ങളുടെ ചൊല്‍പ്പടിക്കാക്കി അവര്‍ വിജയം കൊയ്യാനാണ് സാധ്യത. ഒപ്പം എല്ലാം വെളുപ്പിക്കാനായി പത്രങ്ങളും . എല്ലാംകഴിഞ്ഞാല്‍ അതില്‍ ഒരു അപാകതയുള്ളതായി ആരും കാണില്ല. എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് അബുതാഹി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. ഈ സംഭവത്തിലാണ് സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ രാജേഷ് അയോട്ടന്‍റെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ഇ വി എം മെഷീന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും പൊതുജനങ്ങളില്‍ തെറ്റിദ്ധാരണപരത്തി ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും കലാപവും ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിനാണ് അബുതാഹിക്കെതിരെ പോലീസ് കേസെടുത്തത്.