കാഞ്ഞങ്ങാട്: വ്യാഴാഴ്ച വൈകീട്ട് അബുദാബിയില്‍ മരണപ്പെട്ട അജാനൂരിലെ പാറക്കാട്ട് കെ.ഹസന്‍ മാസ്റ്ററിന്‍റെ ഭൗതികശരീരം ഇന്ന് രാവിലെ 8.45 ന് നോര്‍ത്ത് കോട്ടച്ചേരിയിലെ മകള്‍ ഡോ.ശഫാനയുടെ വസതിയില്‍ കൊണ്ടുവന്നു. പൊതുദര്‍ശനത്തിന് ശേഷം 9.45 ന് ഖബറടക്കി. ഒരുകാലത്ത് കായികമേഖലയിലെ മുഴങ്ങുന്ന ശബ്ദമായിരുന്ന ഹസന്‍മാഷിനെ ഒരുനോക്ക് കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി നിരവധി ആളുകള്‍ വസതിയിലും തുടര്‍ന്ന് തെക്കേപ്പുറം ജുമാമസ്ജിദിലും എത്തി.
അധ്യാപക അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ഹസ്സന്‍ മാസ്റ്ററുടെ വിയോഗത്തില്‍ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റി അനുശോചിച്ചു. യതീംഖാന മുന്‍ സെക്രട്ടറിയായും ഓഡിറ്ററായും പ്രവര്‍ത്തിച്ചു പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണ് ഹസ്സന്‍ മാസ്റ്റര്‍. പ്രദേശത്തെ മത സാമൂഹിക രാഷ്ട്രീയ കലാ കായിക രംഗത്ത് തന്‍റെതായ ഇടം കണ്ടെത്തിയ ബഹുമുഖ പ്രതിഭകൂടിയാണ് ഹസ്സന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്‍റെ വിയോഗം പൊതുരംഗത്ത് വലിയ ശൂന്യതയാണ് വരുത്തിവെച്ചതെന്നും അനുശോചനത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ യതീംഖാന പ്രസിഡന്‍റ് കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.പി.ജാഫര്‍, ബി എം മുഹമ്മദ് കുഞ്ഞി, ആസിഫ് മെട്രോ സ്റ്റീല്‍, ഹമീദ് ചേരാക്കാടത്ത്, എം.പി നൗഷാദ്, പി.എം നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുപ്രീം മുഹമ്മദ്കുഞ്ഞി സ്വാഗതവും ട്രഷറര്‍ സി.കെ.റഹ്മത്തുള്ള നന്ദിയും പറഞ്ഞു.