നീലേശ്വരം : കടലിനും പുഴയ്ക്കുമിടയില്‍ കഴിയുന്ന നീലേശ്വരം തൈക്കടപ്പുറം, അഴിത്തല, പുറത്തേക്കൈ മേഖലയിലെ താമസക്കാര്‍ ഉപ്പുവെള്ളം കയറി ദുരിതത്തില്‍.
വേലിയേറ്റ സമയങ്ങളിലാണ് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത്. കൃഷിനാശത്തിനു പുറമെ ദൈനംദിന ജീവിതം തന്നെ ദുരതത്തിലായ നിലയാണെന്ന് ഈ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പറയുന്നു. തെങ്ങുകളെല്ലാം വാടിക്കരിഞ്ഞു തുടങ്ങി. പുതുതായി നട്ട തെങ്ങിന്‍തൈകളിലാകട്ടെ പുതുനാമ്പുകള്‍ വരുന്നേയില്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിലെല്ലാം ഉപ്പുവെള്ളമാണ് കിട്ടുന്നത്. ഇത് കുടിക്കാനും കുളിക്കാനും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. ജലസമൃദ്ധമായ കടലിനും പുഴയ്ക്കുമിടയില്‍ ജലക്ഷാമത്താല്‍ പൊറുതിമുട്ടുന്ന സ്ഥിതിയിലാണ് പ്രദേശവാസികള്‍. അഴിത്തല മുതല്‍ തൈക്കടപ്പുറം പുറത്തേക്കൈ വരെ പുഴയുടെ ഭിത്തി ഉയര്‍ത്തിക്കെട്ടി മണ്ണിട്ടുയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. പുഴയില്‍ നിന്ന് വെള്ളം കരകവിഞ്ഞ് പറമ്പുകളിലെത്തുന്ന സ്ഥിതി നേരത്തെയും ഉണ്ടായിട്ടുണ്ട്.
കാര്യംകോട് പുഴയില്‍ പാലായി ഷട്ടര്‍ കം ബ്രിഡ്ജിനായി മണ്ണിട്ടുയര്‍ത്തിയ സമയത്തായിരുന്നു നേരത്തെ ഈ പ്രതിഭാസം ഉണ്ടായിരുന്നത്. പുഴയുടെ കരഭിത്തി ഇടിഞ്ഞു താഴ്ന്നതാണ് ഉപ്പുവെള്ളം കരകവിയാനിടക്കായിടത്. അടുത്ത വര്‍ഷങ്ങളിലൊന്നും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കരഭിത്തി ഉപയോഗശൂന്യമായിട്ടുണ്ട്. ഇതിനൊപ്പം ദേശീയപാത വികസനത്തിന്‍റെ ഭാഗമായും അല്ലാതെയുമുള്ള പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴയില്‍ ബണ്ട് കെട്ടുന്നതും പ്രയാസമുണ്ടാക്കുന്നു. ഇതിനാല്‍ വേലിയേറ്റ സമയത്ത് പുഴയിലേക്ക് തള്ളിക്കയറേണ്ട വെള്ളം കരഭിത്തിയുടെ ദുര്‍ബലതയും ഉയരമില്ലായ്മയും മുതലെടുത്ത് പുഴയോരത്തെ പറമ്പുകളിലേക്ക് കരകവിയുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ ഇടപെട്ട് ദുരിതം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.