കാഞ്ഞങ്ങാട്: അലുമിനിയം ഫാബ്രിക്കേഷന്‍ ഷോപ്പ് ഉടമ വെള്ളിക്കോത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് അറസ്റ്റുചെയ്ത പുല്ലൂരിലെ പുളിക്കാല്‍ നരേന്ദ്രന്‍ (57) റിമാന്‍റിലായതിന് പിന്നാലെ നരേന്ദ്രന്‍റെ ഏകമകന്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥി കാശിനാഥന്‍(17) പുല്ലൂര്‍ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ തോര്‍ത്തും ചെരിപ്പും കണ്ടതിനെതുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചലിലാണ് രാത്രി 8:45 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയാണ് കാശിനാഥന്‍. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ സുമേഷിന്‍റെ ചികിത്സയിലാണ്. ക്ഷേത്രകുളത്തിന്‍റെ പടവുകളില്‍ നിന്ന് കുളിക്കാറുള്ള കാശിനാഥന്‍ കാല്‍വഴുതി കുളത്തില്‍ വീണ് മരണപ്പെട്ടതാണെന്ന് അമ്മാവനും മാതൃഭൂമിയുടെ പെരിയ ലേഖകനുമായ അനില്‍പുളിക്കാല്‍ അറിയിച്ചു. ഏതാനും ദിവസമായി മഴകുറവായതിനാല്‍ ക്ഷേത്രകുളത്തിന്‍റെ പടവുകളില്‍ നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഒരുപടവില്‍മാത്രമാണ് വെള്ളം ഉണ്ടായിരുന്നത്. ഇത് ശ്രദ്ധിക്കാതെ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാവാമെന്നാണ് അനില്‍പുളിക്കാല്‍ വിശദീകരിക്കുന്നത്. നരേന്ദ്രന്‍-രേണുക ദമ്പതികള്‍ വിവാഹം കഴിച്ച് 12 വര്‍ഷത്തിന് ശേഷമാണ് കാശിനാഥനെന്ന കുട്ടിയെ കിട്ടുന്നത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി.
റോയ് ജോസഫിന്‍റെ മരണത്തില്‍ അറസ്റ്റിലായ നരേന്ദ്രനെ പോലീസ് ഇന്നലെ ഉച്ചതിരിഞ്ഞ് കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. നരേന്ദ്രന്‍ ജയിലിലായി നിമിഷങ്ങള്‍ക്കകമാണ് ഈ കുടുംബത്തില്‍ മറ്റൊരുദുരന്തം സംഭവിച്ചത്. റോയ് ജോസഫിന്‍റെ മൃതദേഹം ഇന്നലെ വൈകീട്ട് ആലക്കോട് പരപ്പ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്ക്കരിച്ചു.