സാമ്പത്തിക ക്രമക്കേട് ആരോപിച്ച വ്യാപാരി സംഘടനയില്‍ നിന്നും പുറത്ത്

പരപ്പ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ യൂണിറ്റ് നടത്തിയ ചിട്ടിയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപിച്ച അംഗം സംഘടനയില്‍ നിന്നും പുറത്ത്. പരപ്പ യൂണിറ്റ് എക്സിക്യുട്ടീവ് കമ്മറ്റി അംഗമായിരുന്ന ജോയി പാലക്കുടിയെയാണ് ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ അനുമതിയോടെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. പുറത്താക്കാന്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട് സംസ്ഥാന കൗണ്‍സില്‍ അംഗം തോമസ് ചെറിയാന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം ജോയിച്ചന്‍ മെയ്യേനി എന്നിവര്‍ പങ്കെടുത്തു. ജൂലൈ 25 ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡിയോഗത്തിലാണ് ജോയി പാലക്കുടി സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചത്. ഇത് അപ്പോള്‍ തന്നെ ജനറല്‍ സെക്രട്ടറി എം.പി.സലീം നിഷേധിച്ചു. എന്നാല്‍ ക്രമക്കേട് ഉണ്ടെന്ന വാദത്തില്‍ ജോയിപാലക്കുടി ഉറച്ചുനിന്നു. ഇതേതുടര്‍ന്ന് ജനറല്‍ബോഡിയോഗം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി ജോയിക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മറ്റിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ആരോപണത്തില്‍ വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ യൂണിറ്റ് സെക്രട്ടറി സലീമിനെതിരെ നടപടിവേണമെന്നും അതല്ല ആരോപണം അടിസ്ഥാന രഹിതമായാല്‍ ജോയി പാലക്കുടിക്കെതിരെ നടപടിവേണമെന്നും ജനറല്‍ബോഡിയോഗം തീരുമാനിച്ചിരുന്നു. ജോയി ആരോപണം ഉന്നയിച്ചത് തനിച്ചാണെങ്കിലും ജോയിക്ക് വ്യാപാരികളില്‍ ചിലര്‍ വലിയ പിന്തുണ നല്‍കിയിരുന്നു. യോഗത്തില്‍ ചോദ്യം ചെയ്യണമെന്ന് മൂപ്പിച്ചുകൊടുത്തു. അവര്‍ ഇപ്പോള്‍ മൗനത്തിലാണ്. ജോയി ഒടുവില്‍ ബലിയാടായി. മൂപ്പിച്ചവര്‍ അകത്തും ജോയി പുറത്തുമായി. ആറുമാസത്തേക്കാണ് ജോയിയെ പുറത്താക്കിയിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ സസ്പെന്‍ഷന്‍ ഏറെക്കാലം നീളുകയാണ് പതിവ്. സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന നീലേശ്വരത്തെ കെ.വി.സുരേഷ്കുമാറിനെ യൂണിറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറുമാസത്തേക്ക് സസ്പെന്‍റ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞമുറയ്ക്ക് തിരിച്ചെടുക്കാന്‍ സുരേഷ്കുമാര്‍ സംഘടനയ്ക്ക് പലതവണ കത്ത് നല്‍കിയെങ്കിലും പരിഗണിച്ചില്ല. ഒടുവില്‍ 8 കൊല്ലം കഴിഞ്ഞാണ് സുരേഷ്കുമാറിനെ തിരിച്ചെടുത്തത്. വ്യാപാരികള്‍ അവധിപ്രഖ്യാപിച്ച ദിവസം കടതുറന്നുവെന്നതായിരുന്നു കുറ്റം. നീലേശ്വരം യൂണിറ്റ് മുന്‍ പ്രസിഡണ്ട് ടി.എ.റഹീമിനെയും അവധിദിവസം കടതുറന്നു എന്ന് ആരോപിച്ച് യൂണിറ്റ് സസ്പെന്‍റ് ചെയ്തു. അദ്ദേഹത്തെ മരിക്കുംവരെ സംഘടനയില്‍ തിരിച്ചെടുത്തില്ല.