പഴയവീഞ്ഞ് പുതിയകുപ്പിയില്‍; തട്ടിപ്പ് നടത്തിയ രാഹുല്‍ചക്രപാണി ജയിലില്‍

കാഞ്ഞങ്ങാട്: മാസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വീണ്ടും തുറക്കുമെന്ന് അവകാശപ്പെട്ട് കാഞ്ഞങ്ങാട്ടെ ബ്രാഞ്ച് തുറന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനി ചെയര്‍മാന്‍ രാഹുല്‍ചക്രപാണി ജയിലിലായി. ഇതിന് പിന്നാലെ ചക്രപാണിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വിശ്വാസവഞ്ചനക്ക് കേസ് രജിസ്റ്റര്‍ചെയ്തു. അഴീക്കോട് സ്വദേശി ശ്രീകാന്തിന്‍റെ പരാതിയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതിയില്‍ കേസെടുത്തത്. കണ്ണൂര്‍ ആറാട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ രണ്ടുതവണകളായി 1,60,000 രൂപ നിക്ഷേപിക്കുകയും എന്നാല്‍ പലിശയോ നിക്ഷേപതുകയോ തിരിച്ചുനല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്.

ചക്രപാണിയുടെ നേതൃത്വത്തിലുള്ള മൂന്ന് സ്ഥാപനങ്ങളിലൊന്നാണ് കനറാഫിഷ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ പ്രൊഡ്യൂസേഴ്സ് കമ്പനി. ഇതിന്‍റെ പേരില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുതന്നെയാണ് രാഹുല്‍ചക്രപാണിയെ കഴിഞ്ഞദിവസം കാസര്‍കോട് പോലീസ് അറസ്റ്റുചെയ്ത് റിമാന്‍റ്ചെയ്തത്. കാസര്‍കോട്ടെ വ്യാപാരി സാബ് ഇഷാ കാനറാ ഫിഷ് ഫാര്‍മേഴ്സ് കമ്പനിയില്‍ നിക്ഷേപിച്ച 3 ലക്ഷം രൂപ തിരികെ ചോദിച്ചെങ്കിലും പണം നല്‍കിയില്ല. പല അവധികള്‍ പറഞ്ഞെങ്കിലും പ്രസ്തുത ദിവസങ്ങളിലൊന്നും പണം കിട്ടാതായതോടെയാണ് സാബ് ഇഷാ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പുറമെ ചെമ്മനാട് പരവനടുക്കത്തെ ബി.ഫാത്തിമ തെരുവത്ത് നല്‍കിയ പരാതിയിലും കാസര്‍കോട് ടൗണ്‍ പോലീസ് ചക്രപാണിക്കും കമ്പനിയുടെ മാനേജര്‍ രജനിക്കുമെതിരെ കേസെടുത്തു. ഇതേപോലെ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് സംസ്ഥാനത്തും അയല്‍സംസ്ഥാനത്തും നിക്ഷേപങ്ങള്‍ തിരിച്ചുകൊടുക്കാനുണ്ട്. ഇതിനിടയില്‍ കമ്പനിയുടെ മാനേജ്മെന്‍റ് മാറിയെന്നും ഇനിയുള്ള ഇടപാടുകള്‍ കൃത്യമായി നടത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ട് കാഞ്ഞങ്ങാട് അടക്കമുള്ള ചില ബ്രാഞ്ചുകള്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ചക്രപാണിയുടെ ബിനാമികളെയാണ് ഇതിന് ഉപയോഗിച്ചത്. കാഞ്ഞങ്ങാട് ബ്രാഞ്ച് രണ്ടാമതും ആഘോഷമായി ഉദ്ഘാടനം ചെയ്ത് തുറന്നുവെങ്കിലും നിക്ഷേപകര്‍ എത്തി ബഹളം ഉണ്ടാക്കിയതോടെ അടയ്ക്കുകയാണുണ്ടായത്. ഇനിയും കാഞ്ഞങ്ങാട്ട് കബളിപ്പിക്കാന്‍ ആളുകള്‍ ബാക്കിയുള്ളതുകൊണ്ടാണ് ബ്രാഞ്ച് വീണ്ടും തുറന്നത്.

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചുകളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. പലയിടത്തേയും എടിഎം മെഷീനുകള്‍ ഹിറ്റാച്ചികമ്പനി എടുത്തുകൊണ്ടുപോയി. കൊന്നക്കാട്ടെ മെഷീന്‍ കൊണ്ടുപോകാന്‍ ഹിറ്റാച്ചികമ്പനി വാഹനവുമായി എത്തിയെങ്കിലും നിക്ഷേപകരുടെ പണം തിരികെ കൊടുക്കാത്തതിനാല്‍ മെഷീന്‍ എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഹിറ്റാച്ചി കമ്പനിയില്‍ നിന്നും വാടകയ്ക്കെടുത്ത മെഷീനുകളാണ് പലയിടത്തും സ്ഥാപിച്ചിരുന്നത്. കമ്പനിക്ക് വാടകകിട്ടാതായതോടെയാണ് ഭീമനടിയില്‍ സ്ഥാപിച്ചിരുന്ന മെഷീന്‍ ഇളക്കി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.