ചെറുപുഴ : കുറച്ചുനാള്‍ മുന്നേവരെ നാട്ടുകാരുടെ ഓമനയായിരുന്ന കാനംവയലിലെ ഹനുമാന്‍ കുരങ്ങ് ഇപ്പോള്‍ അക്രമകാരി.
ഒട്ടേറെപ്പേര്‍ക്ക് ഈ കുരങ്ങിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ ബസ് കയറാന്‍ പോവുകയായിരുന്ന കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി ജോസഫ് ടിജോയെ പിന്നില്‍നിന്ന് ആക്രമിച്ചു. കയ്യിലും കാലിലും മാന്തിയും കടിച്ചും പരിക്കേല്‍പ്പിച്ചു. ഇത് രണ്ടാം തവണയാണ് ജോസഫിനെ കുരങ്ങ് ആക്രമിക്കുന്നത്. ജോസഫ് പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസില്‍ പരാതിയും നല്‍കി. ഇപ്പോള്‍ പുഴ കടന്ന് ഇക്കരെ കാനംവയല്‍ ടൗണില്‍ വരെ കുരങ്ങ് എത്തുന്നുണ്ട് ആദ്യത്തെ ആക്രമണത്തെ തുടര്‍ന്ന് ജോസഫ് പ്രതിരോധ കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് രാണ്ടാമതും ആക്രമിക്കുന്നത്. പലരെയും കുരങ്ങ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകളെയും ഉപദ്രവിക്കുന്നുണ്ട്. ഇതിനാല്‍ രാവിലെയുള്ള നടത്തം പോലും പലരും ഉപേക്ഷിച്ചു. കുട്ടികളെ വീടിന് പുറത്തിറക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. പച്ചക്കറികളും പറിച്ചു നശിപ്പിക്കും. കൊക്കോ, വാഴ എല്ലാം നശിപ്പിക്കുന്നുണ്ട്.
കോഴി, ആട് എന്നിവയെയും ആക്രമിക്കുന്നു. വലിയ മരങ്ങളില്‍ക്കയറി വീടുകളുടെയും കടകളുടെയും മുകളിലേയ്ക്ക് ചാടുന്നതിനാല്‍ ഓടുകള്‍ പൊട്ടുകയും അലുമിനിയം ഷീറ്റുകള്‍ ഉള്‍പ്പെടെ തകരുകയും ചെയ്യുന്നു. കാനംവയലിലും ഇപ്പോള്‍ ഇവന്‍ പ്രശ്നക്കാരനായി മാറിയിരിക്കുന്നു. കൂട്ടം തെറ്റിയെത്തിയ ചെറിയ കുരങ്ങിനെ പ്രദേശവാസികളാണ് ഭക്ഷണം കൊടുത്ത് സംരക്ഷിച്ചത്. ഇവന് രാമന്‍ എന്ന് പേരും ഇട്ടു. പരിചയക്കാര്‍ രാമന്‍ എന്നുവിളിച്ചാല്‍ ഓടി എത്തുമായിരുന്നു.