കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മ്മാണം ദ്രുതഗതിയില്‍

കരിന്തളം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോയിത്തട്ട കൊണ്ടോടിയില്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നു. സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ 2022 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് കരിന്തളം ഏകലവ്യ മോഡല്‍ പ്രസിഡന്‍ഷ്യല്‍ സ്കൂള്‍. പേര് കരിന്തളം എന്നാണെങ്കിലും ആദ്യം മടിക്കൈ ബങ്കളത്തും പിന്നീട് സ്ഥല പരിമിതി മൂലം അവിടുന്ന് മാറുകയും നിലവില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

നിര്‍മ്മാണത്തിനായി 2022ല്‍ തന്നെ റവന്യൂ വകുപ്പ് കരിന്തളം കോയിത്തട്ട കൊണ്ടോടിയില്‍ 15 ഏക്കര്‍ സ്ഥലം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കൈമാറിയിരുന്നെങ്കിലും മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. കഴിഞ്ഞവര്‍ഷം കെട്ടിട നിര്‍മ്മാണത്തിനായി തറക്കല്ലിട്ടെങ്കിലും നിര്‍മ്മാണം തുടങ്ങിയിരുന്നില്ല. ആ സ്ഥാനത്താണ് ഇപ്പോള്‍ ദ്രൂതഗതിയില്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണം തുടങ്ങി വെറും ഒന്നരമാസം കൊണ്ട് പ്രവര്‍ത്തിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 90 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഇവിടെ നടക്കുന്നത് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ ആണ് നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്നത്. നിലവില്‍ 20 കോടി രൂപ കൈമാറിയിരിക്കുന്നു.

അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍, ജീവനക്കാര്‍ക്ക് കോട്ടേഴ്സ് , കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, കോര്‍ട്ടുകള്‍ സിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, മുഴുവന്‍ കുട്ടികള്‍ക്കും ഇരുന്നു കഴിക്കാന്‍ ആവശ്യമായ ഡൈനിങ് ഹാളോട് കൂടിയ അടുക്കള എന്നിവയുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സ്കൂളിന്‍റെ പ്രവര്‍ത്തനം കോയിത്തട്ട കൊണ്ടോടിയില്‍ തന്നെ പൂര്‍ണ്ണ തോതില്‍ സജ്ജമാകുമെന്നാണ് കരുതുന്നതെന്ന് പരപ്പ ബ്ലോക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ ബാബു ജന്മദേശത്തോട് പറഞ്ഞു. നവോദയ വിദ്യാലയത്തിന് തുല്യമായ വിദ്യാഭ്യാസമാണ് സ്കൂളില്‍ നിന്നും ലഭിക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തില്‍ സിബിഎസ്ഇ പാഠ്യപദ്ധതിയാണ് തുടരുന്നത്. ആറ് മുതല്‍ 12 വരെ ക്ലാസുകളിലായി 420 കുട്ടികളാണ് പഠിക്കുന്നത്. 210 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും സ്പോര്‍ട്സില്‍ കഴിവു തെളിയിച്ച കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക ക്യാമ്പ് നടത്തി അതില്‍ നിന്നാണ് 30 വീതം കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റനും കണ്ണൂര്‍ സ്വദേശിയുമായ കെ വി ധനേഷാണ് സ്കൂളിന്‍റെ സ്പോര്‍ട്സ് ഡയറക്ടര്‍. ദേശീയതലത്തില്‍ നടന്ന എം ആര്‍ എസ് അത്ലറ്റിക് മീറ്റില്‍ നിരവധി മെഡലുകള്‍ കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കുട്ടികള്‍ നേടിയിട്ടുണ്ട്. നിലവില്‍ പെരിങ്ങോത്ത് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പ് ഗ്രൗണ്ട് , വയക്കര സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ കായിക പരിശീലനം നടത്തുന്നത് . മുമ്പ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ കരാര്‍ നിയമനം ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 8 സ്ഥിരം ജീവനക്കാരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. യുപി സ്വദേശിയാണ് പ്രിന്‍സിപ്പാള്‍.