പൂട്ടിയിട്ട വീട്ടില്‍ നിന്നും 7 പവനും 60,000 രൂപയും കവര്‍ന്നു

കാസര്‍കോട്: പൂട്ടിയിട്ട വീടിന്‍റെ മുന്‍ഭാഗത്തെ വാതിലിന്‍റെ പൂട്ട് തകര്‍ത്തു അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയും ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു. ഉപ്പള മജല്‍ മുഹമ്മദലി സ്ട്രീറ്റിലെ സൈബുന്നീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്കും വെള്ളിയാഴ്ച രാവിലെ ഒമ്പതരക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് മകള്‍ റിയാന ബാനു പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സൈബുന്നീസയും ഭര്‍ത്താവും ഉംറ നിര്‍വ്വഹിക്കാന്‍ പോയിരിക്കുകയാണ്. വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാന്‍ തൊട്ടടുത്ത് താമസിക്കുന്ന മകള്‍ റിയാനബാനു വന്നപ്പോഴാണ് വീടിന്‍റെ വാതിലും അലമാരയും കുത്തിതുറന്നതായി കണ്ടത്. തുടര്‍ന്ന് മഞ്ചേശ്വരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.