കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കാസര്‍കോട് ജില്ലയിലുള്ള പ്രശ്ന ബാധിത ബൂത്തുകളുടെ കണക്കുകള്‍ പുറത്തുവന്നു. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി 983 ബൂത്തുകളാണ് ഒരുക്കുന്നത്. ഇവയില്‍ 42 ബൂത്തുകള്‍ ക്രിട്ടിക്കല്‍ പട്ടികയിലാണ്. ഇവിടങ്ങളില്‍ കേന്ദ്രസേനയുടെ സാന്നിധ്യം ഉണ്ടാകും. 175 ബൂത്തുകള്‍ വള്‍നറബിള്‍ ബൂത്തുകളാണ്. ഇവക്ക് പുറമെ 272 പ്രശ്നസാധ്യതാ ബൂത്തുകളും പട്ടികയിലും ഇടം പിടിച്ചു.
ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പട്ടികയിലുണ്ട്. ബളവന്തടുക്ക, അംഗണ്‍വാടി ബൂത്തും പയറടുക്കം എം.ജി.എല്‍.സി സ്കൂള്‍ ബൂത്തുമാണ് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളുടെ പട്ടികയില്‍ ഇടം നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രിട്ടിക്കല്‍ ബൂത്തുകളുള്ളത് തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലാണ്-21. മറ്റു മണ്ഡലങ്ങളിലെ ക്രിട്ടിക്കല്‍ ബൂത്തുകളുടെ എണ്ണം ഇങ്ങനെയാണ്- മഞ്ചേശ്വരം-2, കാസര്‍കാട്-3, ഉദുമ-8. കാഞ്ഞങ്ങാട്-8. വള്‍നറബിള്‍ ബൂത്തുകള്‍: മഞ്ചേശ്വരം-22, കാസര്‍കോട്-51, ഉദുമ-65, കാഞ്ഞങ്ങാട്-23, തൃക്കരിപ്പൂര്‍ 14. പ്രശ്ന സാധ്യതാ ബൂത്തുകളുടെ പട്ടികയില്‍ ഇനിയും മാറ്റം വരാനുള്ള സാധ്യതയുണ്ട്.