കാസര്‍കോട്: വ്യാജമരുന്ന് ഉണ്ടാക്കുകയും ചികിത്സ നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട്, മണ്ണാര്‍ക്കാട്, കളരിക്കല്‍ ഹൗസില്‍ സി.എം ജമാലുദ്ദീനെയാണ്(56) മഞ്ചേശ്വരം എസ്.ഐ കെ.വി സുമേഷ് രാജ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉപ്പള, പച്ചിലമ്പാറയില്‍വെച്ചാണ് അറസ്റ്റ്. ഫ്രണ്ട്സ് ക്ലബ്ബിലാണ് ജമാലുദ്ദീന്‍റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തിയത്. യാതൊരു യോഗ്യതയോ രേഖകളോ ഇല്ലാതെ രോഗികളെ ചികിത്സിച്ച് മരുന്നു നല്‍കിയെന്നതിനാണ് അറസ്റ്റു ചെയ്തത്. വ്യാജഡോക്ടര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സന്തോഷിനാണ് ആദ്യം വിവരം ലഭിച്ചത്. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. അദ്ദേഹം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ജമാലുദ്ദീന്‍ യാതൊരു യോഗ്യതയും ഇല്ലാത്ത ആളാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഡി.എം.ഒ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ജമാലുദ്ദീനെതിരെ മറ്റെവിടെയെങ്കിലും കേസുകളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.