ഡോ.എന്‍.പി രാജന്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട് : പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഡോ. എന്‍.പി രാജന്‍റെ സ്മരണാര്‍ത്ഥം ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ അഞ്ചാമത് ഡോ.എന്‍ പി രാജന്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച ഡോക്ടറായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ന്യൂറോളജ് ഡോ.എസ് മീന കുമാരിയേയും നേഴ്സ് ആയി ജില്ലാശുപത്രിയിലെ സിനിയര്‍ നേഴ്സിംഗ് ഓഫീസര്‍ എ.ഫസീനയേയും പാലിയേറ്റീവ് പ്രവര്‍ത്തകക്കുള്ള അവാര്‍ഡിന് ചെറുവത്തൂര്‍ പിഎച്ച്സിയിലെ പി.രഞ്ജിനിയേയും , സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് കാസര്‍കോട് ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഖലീഫ ഉദിനൂരിനേയും തിരഞ്ഞെടുത്തു. നാളെ തോയമ്മലിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കെട്ടിടത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. രാവിലെ 10.30 ന് പരിപാടിയുടെ ഉദ്ഘാടനവും സ്നേഹഭവനത്തിന്‍റെ താക്കോല്‍ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

അടമ്പിലെ മധുവിന്‍റെ കുടുംബത്തിനാണ് സൊസൈറ്റി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. കെ.കെ.നാരായണന്‍ ഡോ.എന്‍.പി.രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അവാര്‍ഡ് വിതരണം നടത്തും. പാലിയേറ്റീവ് കെയര്‍ പ്രസിഡന്‍റ് സി.കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷനാവും. 25 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റും വിതരണം ചെയ്യും.