കളക്ഷന്‍ ഏജന്‍റിന് കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടിയ രാഹുല്‍ ചക്രപാണിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാനറാ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആലക്കോട് തേര്‍ത്തല്ലി നമ്പൂരിക്കണ്ടത്തില്‍ രാഹുല്‍ചക്രപാണിക്കും ഡയറക്ടര്‍ സിന്ധു ചക്രപാണിക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

പനയാല്‍ നെല്ലിയടുക്കത്തെ മഹാലിംഗയുടെ മകന്‍ ജി.ശിവപ്രകാശയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചക്രപാണിയുടെ കമ്പനിയിലെ കലക്ഷന്‍ ഏജന്‍റായിരുന്ന ശിവപ്രസാദയുടെ ഭാര്യക്ക് കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് മൂന്നരലക്ഷത്തോളം രൂപ കൈപ്പറ്റി പണമോ പലിശയോ ജോലിയോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. 2023 മാര്‍ച്ച് 31, ഏപ്രില്‍ 20, ജൂണ്‍ 28 എന്നീ തീയ്യതികളിലായാണ് പണം കൈപ്പറ്റിയത്.

കലക്ഷന്‍ ഏജന്‍റായ യുവതിക്ക് ഉയര്‍ന്ന ജോലിയില്‍ കൂടുതല്‍ ശമ്പളം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനിടയില്‍ ചക്രപാണിയെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച ചക്രപാണിയെ കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു. മധൂരിലെ സാബ് ഇസാഖ്, ചെമ്മനാട് പരവനടക്കത്തെ ബി.ഫാത്തിമ എന്നിവരുടെ പരാതിയിലാണ് കാസര്‍കോട് പോലീസ് കേസെടുത്ത് ചക്രപാണിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിന് പിന്നാലെയാണ് ശിവപ്രസാദ് ചക്രപാണിക്കെതിരെ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.