നീലേശ്വരം: നീലേശ്വരം നഗരസഭയിലെ മടിക്കൈ-ചാളക്കടവ് റോഡരികില്‍ പാലക്കാട്ട് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഷെഡ്കെട്ടി നടത്തുന്ന അനധികൃത മത്സ്യ വില്പന കേന്ദ്രം പൊളിച്ചുമാറ്റാന്‍ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം ഇന്ന് സ്ഥലം ഉടമക്ക് നോട്ടീസ് നല്‍കി.
നഗരസഭയുടെ അനുമതിയില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്‍കിടക്കാരുടെ നേതൃത്വത്തില്‍ അനധികൃത മത്സ്യ വില്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി ജന്മദേശം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത മത്സ്യ വില്‍പ്പന കേന്ദ്രം പൊളിച്ചു മാറ്റാന്‍ നഗരസഭ അധികൃതര്‍ സ്ഥലം ഉടമക്ക് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ റോഡരികില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മത്സ്യ വില്പന കേന്ദ്രം നാട്ടുകാരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ വ്യാപകമായ പരാതി വന്നതോടെ നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഈ മത്സ്യ വില്‍പ്പന കേന്ദ്രമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യാതൊരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ സാധാരണ മീനുകള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വലിയ മീനുകള്‍ മുറിച്ചു വില്‍പ്പന നടത്തുന്നുണ്ട്. വലിയ മീനുകള്‍ മുറിച്ചു വില്‍പ്പനനടത്തുമ്പോള്‍ ഇതിന്‍റെ മലിനജലം ഒഴുക്കി വിടാനുള്ള യാതൊരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതോടെ ഇവിടെ നിന്നുള്ള മലിനജലം സമീപപ്രദേശങ്ങളിലേക്കും വീട്ടുപറമ്പുകളിലേക്കും ഒഴുകി മാരക രോഗങ്ങള്‍ പകരാന്‍ ഇടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.