ദുരന്തത്തിന് കാത്തുനില്‍ക്കരുത്; നീലേശ്വരത്ത് അടിപ്പാത അനിവാര്യം

നീലേശ്വരം : നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍റെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു. ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്നും രണ്ടാം പ്ലാറ്റ് ഫോമിലേക്ക് പോകുന്നതിന് സ്റ്റേഷന്‍റെ വടക്കുഭാഗത്താണ് അടിപ്പാത നിര്‍മ്മിക്കേണ്ടത്. നിലവില്‍ റെയില്‍ മുറിച്ചു കടന്നാണ് യാത്രക്കാര്‍ ഇരു ഭാഗത്തേക്കും സഞ്ചരിക്കുന്നത്. ഇത് വലിയ അപകടത്തിന് കാരണമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.

റെയില്‍ മുറിച്ചു കടക്കുന്നത് അപകടഭീഷണിയേറിയ ഒരു നടപടി മാത്രമല്ല, റെയില്‍വേ നിയമം തന്നെ ലംഘിക്കുന്ന പ്രവൃത്തിയുമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത് ഗുരുതരമായ അപകട സാധ്യതകള്‍ സൃഷ്ടിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിയന്തിരമായി അടിപ്പാത നിര്‍മിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. യാത്രക്കാര്‍ മിക്കവാറും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടാണ് ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിന്‍ എത്തുന്നതറിയാതെ തന്നെ അവര്‍ ട്രാക്കില്‍ പ്രവേശിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കിടയാക്കുന്നു. വണ്ടിയുടെ സൗണ്ട് കേള്‍ക്കുമ്പോഴാണ് പലരും ട്രെയിന്‍ എത്തുന്നതറിയുന്നത് അപ്പോഴേക്കും ട്രെയിന്‍ വളരെ അടുത്ത് എത്തിയിട്ടുണ്ടാവും. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കാനായി പാളം മുറിച്ചുകടക്കവേ കണ്ണൂര്‍ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂര്‍ ഹിസാര്‍ എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് മൂന്നുപേര് മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നീലേശ്വരം സ്റ്റേഷനില്‍ അടിയന്തിരമായി അടിപ്പാത നിര്‍മ്മാണം നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഓഫീസില്‍ വിടുന്ന വൈകുന്നേരം സമയങ്ങളില്‍ നൂറ് കണക്കിന് യാത്രക്കാരാണ് നീലേശ്വരത്ത് ഇറങ്ങുന്നതും ഇവിടെ നിന്നും കയറുന്നതും. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനായി യാത്രക്കാര്‍ റെയില്‍ മുറിച്ചാണ് സഞ്ചരിക്കുന്നത്. കാഞ്ഞങ്ങാട് ഉണ്ടായ ദുരന്തം നീലേശ്വരത്ത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അധികൃതര്‍ വേഗത്തില്‍ കണ്ണ് തുറക്കണമെന്ന് യാത്രക്കാര്‍ പറയുന്നു.എപ്പോഴും ഒരു ദുരന്തത്തിനു ശേഷം മാത്രം ജാഗരൂകരാകാറുള്ള അധികൃതര്‍ അതിന് കാത്തുനില്‍ക്കരുത് എന്ന ഒരു അപേക്ഷയാണ് പൊതുജനങ്ങള്‍ക്ക് ഉള്ളത്.