സിദ്ധാര്‍ത്ഥിന്‍െറ കൈവഴക്കത്തില്‍ വിരിയുന്നത് കണ്ണിന് കുളിര്‍മയേകുന്ന വാഹന നിര്‍മ്മിതികള്‍

നീലേശ്വരം: ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും മിനിയേച്ചറുമായി കണ്ണിന് കുളിര്‍മയേകുന്ന വാഹന നിര്‍മ്മിതിയുമായി ഏവരെയും അത്ഭുതപ്പെടുത്തുകയാണ് പാലായി യോഗ പ്രകൃതി ചിറ്റില്‍സ കേന്ദ്രത്തിന് സമീപം വളളിയടുക്കത്തെ ഷാജി - വനജ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ്. ചെറുതും വലുതുമായ ഏത് വാഹനത്തിന്‍റെയും ഫോട്ടോ കണ്ടാല്‍ അതിന്‍റെ ഭംഗിയും മോഡലും ഒട്ടുംതന്നെ നഷ്ടപ്പെടാതെ ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങളാണ് അതെ കളര്‍ ഉള്‍പ്പെടെ നല്‍കി മനോഹരമായി സിദ്ധാര്‍ത്ഥിന്‍റെ കൈയിലൂടെ പിറവിയെടുക്കുന്നത്. പ്ലസ്ടു കഴിഞ്ഞ് ഐ ടി ഐ പ്രവേശനത്തിന് കാത്തിരിക്കുന്ന സിദ്ധാര്‍ത്ഥ് ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ വാഹനങ്ങളോട് കമ്പം തോന്നിയിട്ടുണ്ടെങ്കിലും പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മ്മാണത്തിലേക്ക് കടന്നത്. കൂടുതലും പ്രൈവറ്റ് ബസുകളാണ് നിര്‍മ്മിച്ചത് .ടൂറിസ്റ്റ് ബസ്സുകളും ദൃശ്യഭംഗി ഒട്ടും ചോരാതെ എല്‍ ഇ ഡി ലൈറ്റുകള്‍ അടക്കം ഫിറ്റ് ചെയ്ത് അതെ നിറങ്ങളില്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ്. ഫോട്ടോ കണ്ടാല്‍ കൈകൊണ്ട് നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. നിര്‍മ്മാണത്തിന് 90% ഫോം ഷീറ്റാണ് ഉപയോഗിക്കുന്നത് പിന്നെ തുണി, ലൈറ്റ്, ബാറ്ററി, പെയ്ന്‍റ് തുടങ്ങിയവയാണ് മറ്റ് വസ്തുക്കള്‍. 40 സെ. മീ നീളവും 12 സെ മി വീതിയും 15 സെ.മി ഉയരവുമുള്ളതാണ് സിന്ധാര്‍ത്ഥിന്‍റെ കരവിരുതില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍. തുടര്‍ച്ചയായി ചെയ്താല്‍ പത്ത് ദിവസവും അല്ലെങ്കില്‍ ഇരുപത് ദിവസവുമെടുത്താണ് ഒരു വാഹനം നിര്‍മ്മിക്കുന്നത്. ഇതിനുള്ള സാധനത്തിന് മാത്രം രണ്ടായിരത്തിലധികം രൂപ ആവുന്നുണ്ട്. ആളുകള്‍ അവശ്യപ്പെട്ടാല്‍ അവരുടെ ഇഷ്ട വാഹനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണ് സിദ്ധാര്‍ത്ഥ് എന്ന ഈ പ്ലസ്ടുക്കാരന്‍. ഫോണ്‍: 7736579843.