നീലേശ്വരം: അത്യുത്തര കേരളത്തില്‍ ഇനി പൂരോത്സവത്തിന്റെ നാളുകള്‍. മീനത്തിലെ കാര്‍ത്തിക നാളായ ഇന്നുമുതല്‍ ആരംഭിക്കുന്ന പൂരോത്സവം ഒമ്പതാംനാള്‍ പൂരംകുളിയോടെയാണ് സമാപിക്കുക. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളിപ്പിച്ച് ശുദ്ധി വരുത്തുന്നതാണ് പൂരംകുളിയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്.
പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്കും മറത്തുകളിക്കും ക്ഷേത്രങ്ങളും മുണ്ട്യകളും കഴകങ്ങളും ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. നേരത്തെ നിശ്ചയിച്ച പ്രകാരം മറത്തുകളിക്കായി പണിക്കര്‍മാരെ ഉപചാരം പൂര്‍വ്വം കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രത്യേകം തയ്യാറാക്കിയ പുറപന്തലിലെ കന്നിമൂലയില്‍ ദൈവത്തറയിട്ട് നിലവിളക്ക് കൊളുത്തി പൂരക്കളി നടന്നുവരികയാണിപ്പോള്‍. പന്തല്‍ പൊന്നു വെക്കല്‍, കളി കഴകം കയറല്‍ എന്നീ ചടങ്ങുകളും നടന്നു. കാമദേവ പൂജക്കായി വീടുകളില്‍ പെണ്‍കുട്ടികള്‍ പൂവിടുന്നതാണ് പൂരോത്സവത്തിന്റെ മറ്റൊരുചടങ്ങ്. ഋതുമതിയാകുന്നതിന് മുമ്പുള്ള കാലമാണ് പൂരക്കുഞ്ഞുങ്ങളുടെ പൂവിടല്‍ നടക്കുന്നത്. പെണ്‍കുഞ്ഞിന്റെ ആദ്യപൂരവും അവസാനപൂരവും വലിയ ആഘോഷമായാണ് പണ്ടുകാലങ്ങളില്‍ തറവാടുകളില്‍ നടന്നിരുന്നത്. ഇന്ന് ഇതൊക്കെ ഗ്രാമങ്ങളിലൊതുങ്ങിയ അപൂര്‍വ്വ കാഴ്ചകള്‍ മാത്രമായി. കോടി മുണ്ടുടുത്ത കുഞ്ഞിനെ വീട്ടിലെ പടിഞ്ഞാറ്റയിലും പുറത്തും കിണറ്റില്‍ കരയിലുമാണ് പൂവിടീക്കുന്നത്. പൂരംകുളി ദിനത്തില്‍ നരയന്‍, എരിക്ക്, ചെത്തി, ക്‌ളീനി , ചെമ്പകം തുടങ്ങിയ പൂക്കളും കരി, അരിപ്പൊടി എന്നിവയും ഉപയോഗിച്ച് തയ്യാറാക്കുന്ന കാമദേവ രൂപം വൈകിട്ടോടെ പ്ലാവ് മരത്തിന്റെ ചുവട്ടില്‍ ഇട്ട് ഇനിയത്തെ കൊല്ലവും നേരത്തെ കാലത്തെ വരണേ കാമാ എന്ന് പറഞ്ഞ് യാത്ര അയക്കുന്നതോടെയാണ് തറവാടുകളിലെ ആഘോഷം സമാപിക്കുന്നത്.
വാക്യാര്‍ത്ഥസദസായി ക്ഷേത്രാങ്കണംക്ഷേത്രങ്ങളിലെ മറത്തുകളിയാണ് പൂരോത്സവത്തിന്റെ ശ്രദ്ധേയമായ ചടങ്ങ്. സംസ്‌കൃതപണ്ഡിതന്മാരായ പണിക്കന്മാര്‍ തമ്മിലുള്ള വിദ്യുല്‍സദസ്സാണ് മറത്തുകളി. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പോടെയാണ് ഓരോ പണിക്കന്മാരും മറത്തുകളില്‍ മാറ്റുരക്കുന്നത്. തര്‍ക്കം, വ്യാകരണം, ജ്യോതിഷം, കാവ്യം, നാടകം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നൂലിഴ കീറിയുള്ള വാദങ്ങളാണ് പണിക്കര്‍മാര്‍ തമ്മില്‍ ഉന്നയിക്കുക.തര്‍ക്കത്തിന് വിധി കല്പിക്കുന്നതിന് അദ്ധ്യക്ഷന്‍മാരെയും നിയോഗിക്കും. തീയ്യ, യാദവ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലാണ് പ്രധാനമായും മറത്തുകളി നടക്കാറുള്ളത്. പൂരക്കളിയും മറത്തുകളിയും കാണാന്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ തടിച്ചുകൂടാറുണ്ട്. പൂരത്തോടനുബന്ധിച്ചുതന്നെയാണ് പത്മശാലിയ സമുദായ ക്ഷേത്രങ്ങളില്‍ ശാലിയപൊറാട്ടും നടക്കാറുള്ളത്. ആക്ഷേപഹാസ്യങ്ങള്‍ നിറയുന്ന ശാലിയപൊറാട്ടും ഏറെ ആകര്‍ഷകമാണ്. ജില്ലയില്‍ പിലിക്കോട്, നീലേശ്വരം, ലക്ഷ്മിനഗര്‍ തെരുവത്ത്, വെള്ളിക്കോത്ത് എന്നിവിടങ്ങളിലാണ് ശാലിയപൊറാട്ട് നടക്കാറുള്ളത്.