രണ്ട് ബലാത്സംഗകേസുകളിലെ പ്രതി 25 കൊല്ലത്തിന് ശേഷം പിടിയില്‍

രാജപുരം: രണ്ടു ബലാത്സംഗ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു.

തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശിയായ രാജുവാണ് (50) അറസ്റ്റിലായത്. ഇയാള്‍ പാണത്തൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് എത്തിയ മലപ്പുറം, എടക്കര പോലീസ് രാജപുരം പോലീസിന്‍റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്. 1999 ല്‍ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ സ്ഥലം വിട്ടത്. ആറ്റിങ്ങലില്‍ നിന്ന് മലപ്പുറത്തെത്തി ജോലി ചെയ്ത് വരുന്നതിനിടയിലാണ് രാജു ബലാത്സംഗ കേസുകളില്‍ പ്രതിയായത്. പിന്നീട് നാടുവിട്ട ഇയാളെ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ രാജുവിന്‍റെ സ്ഥാനം പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലേക്ക് മാറിയെങ്കിലും പോലീസ് അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രാജു പാണത്തൂരില്‍ കഴിയുന്നുണ്ടെന്ന സൂചന പോലീസിന് ലഭിച്ചതും അറസ്റ്റു ചെയ്തതും.